Skip to main content

പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് കേരളത്തിലേത്

തൃപ്പൂണിത്തുറ: പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് കേരളത്തിലേതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. കുമ്പളംനെട്ടൂര്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഭൂമി ഏറ്റെടുക്കല്‍ പോലും പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം ചെയ്തിരുന്ന രീതികാരണമാണ് സംസ്ഥാനത്തെ പല പദ്ധതികളും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നത്. 2012 ല്‍ ഭരണാനുമതി ലഭിച്ച് 2016 ഫെബ്രുവരിയില്‍ നിര്‍മ്മാണം ആരംഭിച്ച കുമ്പളം നെട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം ലഭ്യമാകാതെ പ്രതിസന്ധിയിലായ കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.

 

ഈ സര്‍ക്കാര്‍ 2018 ഫെബ്രുവരിയില്‍ അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുത്ത് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. പദ്ധതി സമയത്തിന് തീര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ നബാഡില്‍ നിന്നുള്ള ധനസഹായത്തിന് തടസ്സം നേരിട്ടു. അതിനാല്‍ ആറ് കോടി രൂപ അധികം ചെലവഴിച്ചാണ് സര്‍ക്കാര്‍ പാലം യാഥാര്‍ത്ഥ്യമാക്കിയത്. സര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും കുമ്പളം, മരട്, നെട്ടൂര്‍ നിവാസികള്‍ക്ക് പാലം ഏറെ ഗുണകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

പദ്ധതി നിര്‍വ്വഹണത്തിലെ കാലതാമസം പൊതുവികസത്തില്‍ ഇരട്ടി നഷ്ടമാണ് വരുത്തുന്നതെന്ന്  മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെ പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കരുത്. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടുതരാന്‍ ആളുകള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

 

തീരദേശ മേഖലയില്‍ സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കടല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന മത്സ്യതൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നു. 

 

ഹാര്‍ബര്‍ നിര്‍മ്മാണത്തിനായുള്ള ധനസഹായം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. തീരദേശത്തിന്റെ പ്രശ്‌നം രാജ്യസുരക്ഷയുടെ പ്രശ്‌നമാണ്. ഈ സാഹചര്യത്തില്‍ ഹാര്‍ബറുകളുടെ വികസനത്തിനായി 149 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 13 കോടി രൂപ ചെലവില്‍ ചെല്ലാനത്ത് ഭൂമി ഏറ്റെടുക്കും. ജില്ലയില്‍ മാത്രം തീരമേഖലയില്‍ 71 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. 

 

തോട്ടപ്പള്ളിയില്‍ ഫ്രാന്‍സിന്റെ സാങ്കേതിക സഹായത്തോടെ തീര സംരക്ഷണത്തിനായി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജിയോ ട്യൂബുകള്‍ സ്ഥാപിക്കും. പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ കേരളത്തിന്റെ മുഴുവന്‍ തീരപ്രദേശത്തും ഇത് പ്രയോജനപ്പെടുത്തും. 

 

എം.എല്‍.എ എം. സ്വരാജിന്റെ അധ്യക്ഷതയില്‍ കുമ്പളത്ത് ചേര്‍ന്ന സമ്മേളനത്തില്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായി. മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി. എച്ച് നദീറ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. എസ് പീതാംബരന്‍, ജില്ലാപഞ്ചായത്ത് അംഗം അനിത ഷീലന്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈലജ രാധാകൃഷ്ണന്‍, കുമ്പളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പ്രകാശന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ അനില്‍കുമാര്‍, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍, മരട് നഗരസഭാംഗം ബിനു ജോസഫ്, കുമ്പളം പഞ്ചായത്തംഗങ്ങളായ സീത ചക്രപാണി, വി. എ പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

date