Skip to main content
ധര്‍മ്മശാല-പറശ്ശിനിക്കടവ് സൗഹൃദ വീഥി ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍   ഉദ്ഘാടനം. ചെയ്യുന്നു

തെരുവ് വീഥികൾ സൗഹൃദ വീഥികളാക്കി സംരക്ഷിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

 

സംസ്ഥാനത്തെ തെരുവ് വീഥികൾ സൗഹൃദ വീഥികളാക്കി സംരക്ഷിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി  ധർമ്മശാല മുതൽ പറശ്ശിനിക്കടവ് വരെ നവീകരിച്ച സൗഹൃദ വീഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 ഘട്ടം ഘട്ടമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ തെരുവ് വീഥികളും സൗഹൃദ വീഥികളാക്കി സംരക്ഷിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. മലബാർ മേഖലയ്ക്ക് കേരളത്തിലെ ടൂറിസം വകുപ്പ് മുന്തിയ പരിഗണനയാണ് നൽകുന്നത്. നാടിന്റെ സൗന്ദര്യവൽകരണം പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ഇതിന്റെ ഭാഗമായാണ് ധർമ്മശാല - പറശ്ശിനിക്കടവ് സൗഹൃദ വീഥി പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ജില്ലയിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അയ്യായിരത്തിലധികം വിദേശ ടൂറിസ്റ്റുകളാണ്  കഴിഞ്ഞ വർഷം ജില്ലയിൽ എത്തിയത്. ഭാവിയിൽ അത് വർധിക്കും. പയ്യാമ്പലം ബീച്ച് സൗന്ദര്യവത്ക്കരണം, പൈതൽമല ടൂറിസം പദ്ധതി, പഴയങ്ങാടി റിവർവ്യൂ പാർക്ക്, ചൂട്ടാട് ബീച്ച് പദ്ധതി തുടങ്ങി നിരവധി പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും, ജില്ലയുടെ അനന്തമായ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജെയിംസ് മാത്യു എം എൽ എ അധ്യക്ഷത വഹിച്ചു. ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി കെ ശ്യാമള ടീച്ചർ, വൈസ് ചെയർമാൻ കെ ഷാജു, പി ഡബ്ലു ഡി റോഡ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ ജിഷാകുമാരി, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു. റൈസിംഗ് കണ്ണൂർ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.

 

 

date