Skip to main content
സര്‍ക്കാരിന്റെ  ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.ഡി.എ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശന മേള വൈദ്യുതിമന്ത്രി എം.എം മണി സന്ദര്‍ശിക്കുന്നു.

ആയിരം ദിനാഘോഷം: വിജ്ഞാനവും വിഭവങ്ങളും ഒരുക്കി പ്രദര്‍ശന വിപണന മേള

 

 

ഉപയോഗപ്രദവും വൈവിധ്യവുമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും കാര്‍ഷിക,നിര്‍മാണ മേഖലകളിലെ നൂതന ആശയങ്ങള്‍ പരിചയപ്പെടുവാനും സൗജന്യ ആരോഗ്യ പരിശോധനക്ക് അവസരമൊരുക്കിയും പ്രദര്‍ശന വിപണന മേള 3-ാം ദിനത്തിലേക്ക്. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷ ജില്ലാതല പരിപാടികളുടെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ നടന്നു വരുന്ന പ്രദര്‍ശന വിപണന മേളയില്‍ 80ഓളം സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു വര്‍ഷംകൊണ്ട് ഒരു സെന്റിലെ മത്സ്യകൃഷിയും 3 സെന്റിലെ പച്ചക്കറി കൃഷിയും കോര്‍ത്തിണക്കുന്ന ജല പുനഃചംക്രമണ സംവിധാനം ഒരുക്കി ഫിഷറീസ് വകുപ്പ്, കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമിയിലെ മണ്ണ് പരിശോധിക്കുവാന്‍ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, സൗജന്യ തൊഴില്‍ പരിശീലനത്തിനു അപേക്ഷ, മാട്രിമോണി, പ്രകൃതി സൗഹാര്‍ദ ക്യാരി ബാഗുകള്‍, ഇതര ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുമായി കുടുംബശ്രീ മിഷന്റെ 5 സ്റ്റാളുകള്‍, ഒപ്പം രുചിവൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കി കഫെ കുടുംബശ്രീ, ആരോഗ്യ പരിപാലനം ഒരുക്കി ആയുര്‍വേദ -അലോപ്പതി -ഹോമിയോ വകുപ്പിന്റെ സ്റ്റാളുകള്‍ എന്നിവ സേവനമൊരുക്കുന്നു. എല്ലാ ദിവസവും ആയുര്‍വേദ വിഭാഗത്തില്‍ ഇവിടെ സൗജന്യ ചികിത്സയും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.

 

നീലക്കുറിഞ്ഞി തേന്‍, കാട്ടുതേന്‍, മറയൂര്‍ ശര്‍ക്കര, ചന്ദന തൈലം, പുല്‍തൈലം തുടങ്ങിയ വന വിഭവങ്ങള്‍ വനം വന്യജീവി വകുപ്പിന്റെ സ്റ്റാളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് വാങ്ങുവാന്‍ സാധിക്കും. ആധാര്‍, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങളുമായി അക്ഷയയുടെ സ്റ്റാള്‍ സജീവമാണ്. പച്ചമരുന്ന് ചികിത്സയും, മുള - തഴ ഉല്‍പ്പന്നങ്ങള്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സ്റ്റാളില്‍ നിന്നും വാങ്ങാവുന്നതാണ്. പ്രതിരോധ ശേഷിയും ഉല്‍പ്പാദന ക്ഷമതയും കൂടിയതും  വര്‍ഷം മുഴുവനും ഫലം ലഭിക്കുന്നതുമായ 6 മാസം പ്രായമായ  പൗര്‍ണമി ബുഷ് കുരുമുളക് തൈകള്‍ മേളയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വാങ്ങാം. ഇത്തരത്തില്‍  അത്യുല്‍പ്പാദന ശേഷിയുള്ള വിവിധയിനം കുരുമുളക് തൈകള്‍, സ്റ്റാര്‍ ആപ്പിള്‍, മുള്ളാത്ത, ബഡ് മാവ്, ബഡ് ജാതി, അലങ്കാര ചെടികള്‍ എന്നിവയെല്ലാം മിതമായ നിരക്കില്‍ കൃഷി വകുപ്പിന്റെ സ്റ്റാളില്‍ നിന്നും ലഭ്യമാണ്.

 

മേളയില്‍ സജ്ജീകരിച്ചിരിക്കുന്ന തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ തൊഴില്‍ സംബന്ധമായ അവകാശങ്ങളും, ക്ഷേമ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നതിനൊപ്പം തൊഴില്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കുകയും ചെയ്യും. വിവിധയിനം തോക്കുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്,  ബോംബ് സ്‌ക്വാഡിന്റെ ഉപകരണങ്ങള്‍ തുടങ്ങിവയ പരിചയപ്പെടുത്തി ജില്ലാ പോലീസിന്റെ സ്റ്റാള്‍, സ്‌കൂബ ജാക്കറ്റ്, രാസ പ്രതിരോധ ജാക്കറ്റ് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവ പരിചയപ്പെടുത്തി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ലഹരി വിമുക്ത സന്ദേശമൊരുക്കി എക്‌സൈസ് വകുപ്പ്, ഊര്‍ജസംരക്ഷണ മാര്‍ഗങ്ങള്‍ വിശദീകരിച്ച് കെ എസ് ഇ ബി, സൗരോര്‍ജ സംവിധാനങ്ങള്‍ പരിചയപ്പെടുത്തി അനെര്‍ട്ട്, ഹരിതഭവനമൊരുക്കി ഹരിത കേരള മിഷന്‍, മാലിന്യ സംസ്‌കരണം, ബയോ ഗ്യാസ്, റിംഗ് കമ്പോസ്റ്റ് മാതൃകളുമായി ശുചിത്വ മിഷന്‍, വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയെല്ലാം മേളയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. 

date