സുരക്ഷാകവചങ്ങള്‍ പരിചയപ്പെടുത്തി അഗ്നിശമന സേനയുടെ പ്രദര്‍ശന സ്റ്റാള്‍
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച നിറവ് പ്രദര്‍ശന വിപണനമേളയില്‍ ഫയര്‍ ആന്റ് റസ്ക്യുഇടുക്കി ജില്ല തയ്യാറാക്കിയ പ്രദര്‍ശന സ്റ്റാള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ അഗ്നിശമന രക്ഷാസേന ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരിചയപ്പെടുത്താനും ജില്ലയിലെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലും വിവിധ അപകടങ്ങളിലും അഗ്നിശമന സേനാംഗങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഫോട്ടോ പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്. ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ അഗ്നിശമന സേന നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചിത്രവും പത്ര വാര്‍ത്തകളുമാണ് പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ളത്. അമോണിയം പോലുള്ള രാസവാതകങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഉപയോഗിക്കുന്ന സുരക്ഷാ കവചമായ കെമിക്കല്‍ സ്യൂട്ട്, ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന സ്കൂബ സ്യൂട്ട്, ശിതീകരണ സൗകര്യമുള്ള കൂളിംഗ് ഹെല്‍മറ്റ്, ഷൂ, തീ അണയ്ക്കാനുപയോഗിക്കുന്ന വിവിധയിനം ബ്രാഞ്ച് പൈപ്പുകള്‍, ജ്വാലയുടെ കാഠിന്യമനുസരിച്ച് ഉപയോഗിക്കുന്ന വിവിധയിനം ബ്രാഞ്ചുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. തീ പിടുത്തങ്ങളില് സാധരണയായി ഉപയോഗിക്കുന്ന ഓര്‍ഡിനറി ബ്രാഞ്ച്, അടുത്തെത്തി തീ ശമിപ്പിക്കാനവാത്ത അവസ്ഥയില്‍ അകലെ നിന്ന് തീ കെടുത്തുന്ന ഫിക്സഡ് മോണിറ്റര്‍, രാസ അഗ്നിബാധ അണയ്ക്കാന്‍ ഉപയോഗിക്കുന്ന ഫോം മേക്കിംഗ് ബ്രാഞ്ച് പൈപ്പ്, കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഇടിഞ്ഞു വീണും മറ്റും ഉണ്ടാകുന്ന അപകടങ്ങളില്‍ കോണ്‍ക്രീറ്റ് പൊളിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനുപയോഗിക്കുന്ന ഇലക്ട്രിക് ബ്രേക്കര്‍, വാഹനപകടങ്ങളില്‍ വാഹനങ്ങള്‍ പൊളിച്ച് രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഇലക്ട്രിക് സ്പ്രൈസര് വിത്ത് ഇലക്ട്രിക് കട്ടര്‍, അഗ്നി ശമന ഉപകരണങ്ങളായ സി.ഓ.ടു എക്സ്റ്റിംഗ്യൂഷന്‍, ഡി.സി. പി എക്സ്റ്റിംഗ്യൂഷന്‍, ബൂസ്റ്റര്‍ പമ്പ്, ഫ്ലാറ്റ് സ്പ്രേ, ബ്രീതിംഗ് സെറ്റ്, തുടങ്ങി അപകടങ്ങളെ തരണം ചെയ്യാന്‍ സേന ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് പുതിയ അറിവ് പകര്‍ന്നു നല്‍കുന്നതാണ്.
- Log in to post comments