പയ്യാമ്പലം അഡ്വഞ്ചര്‍ പാര്‍ക്ക്, പാലക്കാട് സ്വാമി മഠം പാര്‍ക്ക് എന്നിവയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ നഗരത്തിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി പുതുതായി നിര്‍മിക്കുന്ന പാലക്കാട് സ്വാമിമഠം പാര്‍ക്ക്, പയ്യാമ്പലം അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവയുടെ പ്രവൃത്തി തുറമുഖ മകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പയ്യാമ്പലം ബീച്ച് ഗാര്ഡന്, ഗസ്റ്റ് ഹൗസ് പാത്ത്വേ എന്നിവയുടെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പ്രകൃതിക്ക് കോട്ടംതട്ടാത്ത വിധത്തിലാണ് സ്വാമി മഠത്തിന് സമീപം പാര്‍ക്ക് നിര്‍മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് നടപ്പിലാക്കുന്നതാണ് 90 ലക്ഷം രൂപയുടെ പദ്ധതി. ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ എയര്‍ തിയറ്റര്‍, കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍, നടപ്പാത, ടോയ്ലെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ സജ്ജമാക്കും. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിനാണ് നിര്‍മാണച്ചുമതല.
ഒരു കോടിയോളം രൂപ ചെലവിലാണ് പയ്യാമ്പലം അഡ്വഞ്ചര്‍ പാര്‍ക്ക് നിര്‍മിക്കുന്നത്. സിപ് ബൈക്ക്, റോപ്പ് സൈക്ലിംഗ്, വാലി ക്രോസിംഗ്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഇവിടെ ഒരുക്കും. ഇതിനു പുറമെ നടപ്പാത നിര്‍മിക്കുന്നതോടൊപ്പം പാര്‍ക്ക് പുല്ല് വച്ചുപിടിപ്പിച്ച് മനോഹരമാക്കുകയും ചെയ്യും.
ചടങ്ങില്‍ മേയല്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി ടീച്ചര്‍ എംപി മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കൗണ്‍സിലര്‍ ഇ ബീന, എന്‍ ഗംഗാധരന്, സില്‍ക്ക് പ്രൊജക്ട് എഞ്ചിനീയര്‍ രജീഷ് രാധാകൃഷ്ണന്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, മാനേജര്‍ കെ സജീവന് സംസാരിച്ചു.
- Log in to post comments