Skip to main content

നവീന വായ്പാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നടത്തി

 

സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോത്തിന്റെ ഭാഗമായി വനിതാ ശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ  നവീന വായ്പാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം പി കെ ശ്രീമതി ടീച്ചർ എം.പി നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരെ സഹായിക്കാനാണ് സബ്‌സിഡിയോടെ വായ്പാ പദ്ധതികൾ കൊണ്ടുവന്നതെന്ന്് ശ്രീമതി ടീച്ചർ പറഞ്ഞു. ഒരു ദിവസം പോലും കേരളത്തിലെ ജനങ്ങൾ പട്ടിണി കിടക്കാൻ ഇടവരുത് എന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എം പി പറഞ്ഞു.

ഡി.പി.സി ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ചെയർമാൻ ബി. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യാഥിതിയായി. കുടുംബശ്രീ വായ്പ, കൃഷിഭൂമി വായ്പ, ഭവന നിർമ്മാണ വായ്പ, ഭവന പുനരുദ്ധാരണ വായ്പ, പ്രവാസി പുനരധിവാസ വായ്പ, സബ്‌സിഡിയോടെയുള്ള വിദേശ തൊഴിൽ വായ്പ, സ്റ്റാർട്ടപ്പ് വായ്പ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുപ്പതിനായിരം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് വായ്പാ തുക. നാല് മുതൽ എട്ടു ശതമാനം വരെ മാത്രമാണ് പലിശ. മൂന്ന് മുതൽ എട്ടുവരെ വർഷങ്ങളാണ് തിരിച്ചടവ് കാലാവധി. 

നാഷണൽ എസ് സി ഫിനാൻസ് ഡവലപ്പ്‌മെന്റ് കോർപറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയാത്ത പട്ടികജാതിക്കാർക്ക് മഹിളാ സമൃദ്ധിയോജന, വനിതകൾക്ക് മാത്രമായി മഹിളാ കിസാൻ യോജന, ശിൽപി സമൃദ്ധിയോജന തുടങ്ങിയ വായ്പകളാണ് നൽകുന്നത്. പട്ടികവർഗക്കാർക്ക് മാത്രമായി  നാഷണൽ എസ് ടി ഫിനാൻസ് ഡവലപ്പ്‌മെന്റ് കോർപറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ജാമ്യ രഹിത വായ്പയാണ് നൽകുന്നത്.

കോർപ്പറേഷൻ വായ് പാ പദ്ധതി വിനിയോഗിച്ച് സ്വയംസംരംഭം നടത്തി വിജയിച്ച ഗുണഭോക്താക്കളെ ചടങ്ങിൽ ആദരിച്ചു. പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ എം.ഡി ഡോ. എം എ നാസർ, ജില്ലാ പട്ടികജാതി ഓഫീസർ കെ കെ ഷാജു, പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ജില്ലാ മാനേജർ ടി വി ഷാജി, കണ്ണൂർ മുനിസിപ്പാലിറ്റി സി ഡി എസ് ചെയർപേഴ്‌സൺ കെ നിർമ്മല എന്നിവർ പങ്കെടുത്തു.

 

date