Skip to main content

ആയിരം ദിനാഘോഷം: തുടര്‍പഠനത്തിന് വഴികാട്ടിയായി കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ്ങ്

 

എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിന് ശേഷം തുടര്‍ന്ന് ഏത് കോഴ്‌സ് പഠിക്കാനാണ് സ്വന്തം അഭിരുചിയെന്ന് കണ്ടെത്താന്‍ സഹായിക്കുകയാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പിന് കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ്ങ് സെല്‍.
തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുന്ന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ്ങ് സെല്‍  എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ അഭിരുചി നിര്‍ണ്ണയ പരീക്ഷയും കൗണ്‍സിലിങ്ങും നടത്തുന്നുണ്ട്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ആദ്യമായാണ് ശാസ്ത്രീയമായി വിദ്യാര്‍ത്ഥികളുടെ അഭിരുചി നിര്‍ണ്ണയ പരീക്ഷയും തൊഴില്‍ പഠന മേഖലകളെ കുറിച്ചുള്ള കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും കൗണ്‍സിലിങ്ങും നടക്കുന്നത്. സംസ്ഥാനത്തെ 150 ഹയര്‍ സെക്കന്‍ഡറി ഈ സൗകര്യം ലഭ്യമാണ്.
തീര്‍ത്തും സൗജന്യമായാണ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഈ സൗകര്യ മൊരുക്കിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പരിശീലനം ലഭിച്ച കെ.എം അബ്ദുള്‍ ഗഫൂര്‍, കെ.പി ലുഖ്മാന്‍, ഇബ്രാഹിം മേലേത്തില്‍, സി.എം അബ്ദുള്‍ ലത്തീഫ്, ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് ആയിരം ദിനാഘോഷത്തിന്റെ സ്റ്റാളില്‍  അഭിരുചി നിര്‍ണ്ണയ പരീക്ഷയും കൗണ്‍സിലിങ്ങും നല്‍കുന്നത്.
 ദിനാഘോഷം നാല് ദിവസം പിന്നിട്ടപ്പോഴേക്കും നിരവധി വിദ്യാര്‍ത്ഥികളാണ് അഭിരുചി പരീക്ഷയ്ക്കും കൗണ്‍സിലിങ്ങിനുമായി എത്തുന്നത്. കൂടാതെ നിരവധി വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.  270  ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയില്‍ ഉണ്ടാകുക. ഓണ്‍ലൈനായുള്ള അഭിരുചി പരീക്ഷയ്ക്ക് ശേഷമാണ് കൗണ്‍സിലിങ്ങ് നല്‍കുന്നത്.
മാതാപിതാക്കളുടെയോ കൂട്ടുകാരുടെയോ ഇഷ്ടം അനുസരിച്ച് കോഴ്‌സ് തെരഞ്ഞെടുത്ത് പഠിക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തം അഭിരുചിയ്ക്ക് അനുസരിച്ച് പഠിക്കുന്നതാണെന്നും അഭിരുചിയ്ക്ക് അനുസരിച്ച് പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുമാണ് യഥാര്‍ത്ഥ സന്തോഷം ലഭിക്കുകയെന്നും
കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ്ങ് സെല്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. സി.എം. അസീം പറഞ്ഞു. ഫെബ്രുവരി   27  വരെ  ഇവിടെ ലഭ്യമാകുന്ന ഈ സേവനത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. നമ്പര്‍: 9847548614.

 

date