സംസ്ഥാനത്തെ എല്ലാ ട്രഷറികൾക്കും സ്വന്തം കെട്ടിടം ലഭ്യമാക്കും - ധനമന്ത്രി
* ട്രഷറി ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു
സംസ്ഥാനത്തെ എല്ലാ ട്രഷറികൾക്കും അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്വന്തമായി കെട്ടിടം ലഭ്യമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തിരുവനന്തപുരം പട്ടത്ത് ട്രഷറി ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ട്രഷറി ഓഫീസുകളുടെ നവീകരണം, ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്മെന്റ് എന്നിവയും 2021 നുള്ളിൽ പൂർത്തിയാക്കും. ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണമുൾപ്പെടെ സമയബന്ധിതമായി പൂർത്തിയാക്കി ഭരണനവീകരണത്തിന് ട്രഷറി വകുപ്പ് മാതൃക കാട്ടുമെന്നും ഈ സർക്കാർ 1000 ദിനം പിന്നിടുമ്പോൾ ഒരു കാലത്തുമില്ലാത്ത നിർമ്മാണ പ്രവൃത്തികളാണ് കേരളത്തിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സർക്കാർ സംവിധാനങ്ങളും ആധുനിക രീതിയിലേക്ക് മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ. മുരളീധരൻ എം. എൽ. എ. പറഞ്ഞു. ധനകാര്യ അഡീ. ചീഫ് സെക്രട്ടറി മനോജ് ജോഷി റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ വി. കെ. പ്രശാന്ത്, പട്ടം വാർഡ് കൗൺസിലർ രമ്യാ രമേശ്, ട്രഷറി ഡയറക്ടർ എ. എം. ജാഫർ തുടങ്ങിയവർ സംസാരിച്ചു.
പട്ടം വില്ലേജോഫീസിന് സമീപത്തായി സർക്കാർ നൽകിയ 38 സെന്റ് ഭൂമിയിലാണ് അത്യാധുനിക സൗകര്യമുള്ള ട്രഷറി ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്.
പി.എൻ.എക്സ്. 743/19
- Log in to post comments