ഉരുക്കുവെളിച്ചെണ്ണയും ജൈവപച്ചക്കറി തൈകളും- സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിരക്കേറുന്നു
തികച്ചും പാരമ്പര്യ രീതിയില്‍ തയ്യാറാക്കിയ ഉരുക്കുവെളിച്ചെണ്ണ ആവശ്യമുണ്ടോ? എങ്കില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന നഗരിയിലേക്ക് വരൂ. പഴമയുടെ രുചിയും ഗുണവും ചേര്‍ന്ന ഉരുക്കുവെളിച്ചെണ്ണയും അതുപയോഗിച്ച് നിര്‍മിച്ച സോപ്പുകള്‍,കോക്കനട്ട് സ്ക്വാഷ്,കോക്കനട്ട് പുഡ്ഡിംഗ് എന്നിവയും ഇവിടെ ലഭ്യമാണ്. മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി സഹകരണ വകുപ്പ് ഒരുക്കിയ വിപണന സ്റ്റാള്‍ ഇത്തരത്തില്‍ വ്യത്യസ്ഥത കൊണ്ടാണ് വേറിട്ടതാകുന്നത്. നെല്ലിമൂട് വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിര്‍മിച്ച രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ഉത്പന്നങ്ങളാണ് വിപണനത്തിനുള്ളത്. വിറകടുപ്പില്‍ തേങ്ങാപാല്‍ തിളപ്പിച്ചുണ്ടാക്കുന്ന ഉരുക്ക് വെളിച്ചെണ്ണയ്ക്ക് വിദേശികളടക്കമുള്ളവര്‍ ഉള്‍പ്പെടെ സ്റ്റാളിലെത്തുന്നു.
ആരോഗ്യ സംരക്ഷണത്തിന് ജൈവ പച്ചക്കറി എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് സൊസൈറ്റിയില്‍ തന്നെ മുളപ്പിക്കുന്ന പച്ചക്കറി തൈകളും വിത്തുകളും കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്നും വാങ്ങാം. ആഫ്രിക്കന്‍ മല്ലി, അമരപയര്‍, കോളിഫ്ളവര്‍, കാബേജ്, ആത്തി, വെണ്ട, മുളക്, കറിവേപ്പ്, പപ്പായ എന്നിവക്കാണ് ആവശ്യക്കാരേറെ. പ്രളയദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പിന്റെ കൈത്താങ്ങായ കെയര്‍ ഹോം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
(പി.ആര്.പി. 305/2019)
- Log in to post comments