സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് ; മന്ത്രി ടി പി രാമകൃഷ്ണന്‍
വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് താക്കോല്‍ദാനം നിര്‍വഹിച്ച ശേഷം ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കെയര്‍ഹോം പദ്ധതിയില്‍ ജില്ലയില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതയുള്ളവര്‍ ആരും വീടില്ലാത്തതിന്റെ പേരില്‍ വേവലാതിപ്പെടേണ്ട. ഒന്നാംഘട്ടത്തില്‍ നേരത്തെയുള്ള വിവിധ പദ്ധതികളില്‍ നിര്‍മ്മാണം പാതിവഴിയിലായ അരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. രണ്ടാംഘട്ടത്തില്‍ സ്ഥമുള്ളവര്‍ക്ക് വീട്, മൂന്നാംഘട്ടത്തില്‍ സ്ഥലവും വീടുമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയവും നിര്‍മ്മിക്കും. ജില്ലയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും. വളരെ മെച്ചപ്പെട്ട വീടുകളാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി സഹകരണ പ്രസ്ഥാനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. പ്രളയകാലത്ത് തുണയായ സഹകരണ പ്രസ്ഥാനം നവകേരള സൃഷ്ടിയിലും പ്രശംസനീയമായ ഇടപെടലാണ് നടത്തിയതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
- Log in to post comments