Skip to main content

ഉണ്ണികുളം സര്‍വീസ് സഹകരണ   ബാങ്ക് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

വന്‍കിട ബാങ്കുകള്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍  സഹകരണ ബാങ്കുകള്‍ കര്‍ഷകര്‍ക്കും, ചെറുകിട സംഭരകര്‍ക്കും  സാധാരണകാര്‍ക്കുമായിട്ടുള്ള നിലപാടുകളാണ് എന്നും സ്വീകരിക്കാറുള്ളതെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ  ശശീന്ദ്രന്‍.  ഉണ്ണികുളം സഹകരണബാങ്കിന്റെ പുനൂര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   രാജ്യത്ത് നോട്ട്  നിരോധനത്തിന്റെ മറവില്‍  കേരളത്തിന്റെ സാമ്പത്തികമേഖലയിലെ ജീവനാഡിയായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുളള  ശ്രമം നടക്കുകയുണ്ടായി. എന്നാല്‍ കേരളജനത ഒറ്റക്കെട്ടായി ശ്രമം പരാജയപ്പെടുത്തി. ഏത് വെല്ലുവിളിയേയും നേരിടാന്‍ കേരളത്തിലെ സഹകരണ പ്രസ്ഥനത്തിന് കരുത്തുണ്ട് എന്ന ബോധ്യം ഉള്‍കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി സഹകരണ ബാങ്കുകളെ മാറ്റണമെന്ന് ആഗ്രഹിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജനകീയ ബാങ്കായി സഹകരണ മേഖലയെ  ഉയര്‍ത്താനായിട്ടാണ് കേരളബാങ്ക് രൂപീകരിക്കാന്‍ തീരുമാനിച്ചത്. ബാലുശ്ശേരി  എം എല്‍ എ പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് കമ്പ്യൂട്ടറും  സെയ്ഫ്, വ്യാപാരിവ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് താര അബ്ദുറഹിമാന്‍ ഹാജിയും  ഉദ്ഘാടനം ചെയ്തു.  ആദ്യ നിക്ഷേപം  ഉണ്ണികുളം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി സി ഭാസ്‌കരനും ആദ്യ വായ്പ നബാര്‍ഡ്  റിസോഴ്സ് പേഴ്സണ്‍ സി കെ വേണുഗോപാലും ഉദ്ഘാടനം നിര്‍വഹിച്ചു. കരാറുകാരന്‍ മോഹന്‍ദാസിന് യൂണിറ്റ് ഇന്‍സ്പെക്ടര്‍ എം സി ഷൈമയും എഞ്ചിനീയര്‍ക്ക്  എ  കെ ഗോപാലനും ഉപഹാരങ്ങള്‍ നല്‍കി. ടി മുഹമ്മദ്, സി പി കരീം, സി കെ ഷമീര്‍, അഡ്വ എ കെ ജയപ്രകാശന്‍,  എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എം ബഷീര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം കെ പത്മനാഭന്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി സി കെ അജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date