കേരള പുനര്‍നിര്‍മാണത്തിന് പാരിസ്ഥിതിക സൗഹൃദ സമീപനം അനിവാര്യം: കെ.ടി കുഞ്ഞിക്കണ്ണന്‍
കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പാരിസ്ഥിതിക സൗഹൃദ സമീപനമുണ്ടാകണമെന്ന് കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് തിരൂര്‍ കോരങ്ങത്തെ സാംസ്‌കാരിക സമുച്ചയ പരിസരത്ത് സംഘടിപ്പിച്ച ' പരിസ്ഥിതിയും പാര്‍പ്പിടവും കേരള പുനര്‍നിര്‍മിതിയില്‍' എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക സൗഹൃദ സമീപനത്തേക്കാള്‍ പ്രകൃതി സൗഹൃദ ഇടപെടലുകള്‍ക്കാണ് പ്രാധാന്യം നല്‍േകണ്ടത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളിലും യുവാക്കളിലും പാരിസ്ഥിതിക അവബോധമുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കണമെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യ തോട്ടങ്ങള്‍ ഒരുക്കാനും പരിപാലിക്കാനും അതുവഴി പാരിസ്ഥിതിക ബോധം വിദ്യാര്‍ത്ഥികളില്‍ രൂപപ്പെടുത്തിയെടുക്കണം. പശ്ചിമഘട്ടമലനിരകളിലുണ്ടായ വ്യാപക പാരിസ്ഥിതിക ചൂഷണം വലിയ ആഘാതമാണുണ്ടാക്കിയത്. തോട്ടം ഉടമകള്‍ സാമ്പത്തിക ലാഭത്തിനായി പരിസ്ഥിതിലോല മേഖലകളില്‍ അതിരുവിട്ട ഇടപെടലുകളാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്. ഭൂഖണ്ഡങ്ങള്‍ക്കതീതമായ ഹരിതദ്രവ്യ വാതകങ്ങളുടെ പ്രസരണവും ജൈവവ്യവസ്ഥയില്‍ കടുത്ത ദോഷമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈയൊരു സാഹചര്യത്തില്‍ ഉല്‍പ്പാദന മേഖലയില്‍ പ്രകൃതിസൗഹൃദപരമായ ശക്തമായ ഇടപെടലുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുക്കുന്നത്. പ്രൊഫഷനലുകള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തി ന്യൂജന്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജനകീയ ഇടപെടലുകള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വര്‍ത്തമാന കാലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനും പ്രതിസന്ധികളെ മറികടക്കാനും ശ്രമിക്കുന്നതിനിടെ ഭൂതകാലത്തിന്റെ പ്രാചീനതയില്‍ ജീവിക്കുന്ന തീവ്രവാദികളും വര്‍ഗ്ഗീയവാദികളും സമൂഹത്തില്‍ ഇരുട്ടുപരത്തുകയാണ്. മനുഷ്യരെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന സംഘടനകളില്‍ നിന്ന് ജനങ്ങള്‍ മുക്തരാകണമെന്ന് നവകേരള നിര്‍മിതിക്കായുള്ള പരിശ്രമങ്ങള്‍ക്ക് കരുത്തു പകരണമെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ അഭ്യര്‍ത്ഥിച്ചു.
ലൈംഗിക സമത്വം അംഗീകരിക്കുന്നതോടെ മാത്രമേ സാമൂഹികമായ മാറ്റമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വരം ഭിന്നശേഷി കൂട്ടായ്മ സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തില്‍ വിജയിയായ സംസ്‌കൃത സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി ഉജ്ജ്വലയ്ക്ക് പ്രശസ്ത സാക്ഷരതാ പ്രവര്‍ത്തകയും ഭിന്നശേഷിക്കാരിയുമായ കെ.വി റാബിയ ഉപഹാരം സമ്മാനിച്ചു. ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് രചിച്ച പുസ്തകമായ വരമൊഴി കെ.വി റാബിയ കെ.ടി കുഞ്ഞിക്കണ്ണന് സമര്‍പ്പിച്ചു. ഡി.ആര്‍.ഡി.എ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ജനകീയാസൂത്രണ സമിതി ജില്ലാ കോര്‍ഡിനേറ്റര്‍ എ ശ്രീധരന്‍, ഡോ:ജാവേദ് അനീഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുജീബ് താനാളൂര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments