Skip to main content

മണ്ണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി മണ്ണുപര്യവേക്ഷണ സംരക്ഷണ വകുപ്പ്

മണ്ണറിഞ്ഞ് കൃഷി ചെയ്യാന്‍ ഇനി കര്‍ഷകര്‍ക്ക് നെട്ടോട്ടമോടേണ്ട. മണ്ണിന്റെ പോഷക ഗുണങ്ങള്‍ അറിയാനുള്ള  മൊബൈല്‍ ആപ്ലിക്കേഷന്‍  മണ്ണുപര്യവേക്ഷണ - മണ്ണ് സംരക്ഷണ വകുപ്പ് പ്രകാശനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് മണ്ണുപര്യവേക്ഷണ-  മണ്ണ് സംരക്ഷണ വകുപ്പും നീര്‍ത്തട വികസന പരിപാലന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ അസി.ഡയറക്ടര്‍ കെ. സുധീഷ് കുമാര്‍ ആപ്പ് പ്രകാശനം ചെയ്തത്. മണ്ണ് എന്ന് നാമകരണം ചെയ്തിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി  ഡൗണ്‍ലോഡ് ചെയ്യാം. മണ്ണിന്റെ ഘടന, പോഷക ഗുണങ്ങള്‍, വളപ്രയോഗം എന്നിങ്ങനെയുള്ള ശാസ്ത്രീയമായ വിവരങ്ങള്‍  ആപ്പിലൂടെ അറിയാനാകും. മണ്ണിന്റെ പോഷക നില, വളപ്രയോഗം തുടങ്ങി എല്ലാ വിവരങ്ങളും പൂര്‍ണമായും മലയാളത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും. കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദ്ദേശിച്ച വളങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.ജിയോ ഇന്‍ഫോര്‍മാറ്റിക് ഡിവിഷന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള ആപ്പില്‍ കേന്ദ്ര സോയില്‍ ഹെല്‍ത്ത് കാര്‍ഡ് സ്‌കീമിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപ്‌ഡേറ്റ് ചെയ്യും. 

 

ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നത് തടയാന്‍ നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണമെന്നും ശില്‍പശാല വിലയിരുത്തി. മീനച്ചില്‍, മണിമല, പമ്പ നദികളിലെ നീരൊഴുക്ക് ഓരോ വര്‍ഷവും താഴ്ന്നു കൊണ്ടിരിക്കുകയാണ്. മണ്ണിന്റെ ഈര്‍പ്പം വര്‍ധിപ്പിച്ചു കൊണ്ട് കാര്‍ഷികോല്‍പാദനം ഇരട്ടിയാക്കുകയാണ് കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് നല്ലത്. വളരെ ചെലവു കുറഞ്ഞതും ഫലപ്രദവുമായ നീര്‍ത്തട സംരക്ഷണ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും ശില്‍പശാല ചൂണ്ടിക്കാട്ടി. നീര്‍ത്തടാധിഷ്ഠിത മണ്ണ് ജല സംരക്ഷണവും നൂതന സങ്കേതങ്ങളും എന്ന വിഷയത്തില്‍  വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എസ് .അരുണ്‍ കുമാര്‍ ക്ലാസെടുത്തു.

നിയന്ത്രിത ജലസേചനം , കണിക ജലസേചനം എന്നിവ  സംബന്ധിച്ച് കുട്ടനാട് പാക്കേജ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  ഡി. ബിജു ദിവാകര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍  ജെ.ബെന്നി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ജെ ജോര്‍ജ്, സോയില്‍ സര്‍വ്വേ  ജില്ലാ ഓഫീസര്‍ ഹണി ബാബു, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. രമേഷ് എന്നിവര്‍ സംസാരിച്ചു. ഐ ഡബ്ല്യൂ ഡി എം കെ ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് ഫിലിപ്പ് സ്വാഗതവും ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ വി.ടി പത്മകുമാര്‍ നന്ദിയും പറഞ്ഞു.

date