പ്രബുദ്ധരായ എഴുത്തുകാരെ തെറി പറഞ്ഞ് ഓടിക്കാനാവില്ല-ആലങ്കോട് ലീലാകൃഷ്ണൻ
പ്രബുദ്ധരായ എഴുത്തുകാരെ തെറി പറഞ്ഞ് ഓടിക്കാനാവില്ലെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന നവോത്ഥാന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സത്യാനന്തര കാലത്ത് പച്ചത്തെറി പറഞ്ഞ് ആരെയും നിശ്ശബ്ദരാക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ. ഒരു ഹിംസയേയും എഴുത്തുകാരൻ ന്യായീകരിച്ചിട്ടില്ല. അവസാനത്തെ മനുഷ്യ പക്ഷ കലാകാരനും മരിച്ചു വീഴും വരെ പോരാടും.
നവോഥാനത്തിന്റെ നേർ എതിരാണ് പുനരുഥാനം. നവോഥാനം പിന്നോട്ടടിച്ചിടത്തേക്കാണ് പുനരുഥാനം കടന്നു വന്നത്. കേരളത്തിൽ അടിത്തട്ടിൽ നിന്നാണ് നവോഥാനം ഉയർന്നു വന്നത്. പുതിയ നൂറ്റാണ്ടിലെ നവോഥാനം സ്ത്രീയാണ് തുടങ്ങിയത്. മേൽവസ്ത്രം ധരിക്കാൻ അവകാശമില്ലാത്ത ചാന്നാർ സ്ത്രീകളാണ് ചാന്നാർ ലഹള നടത്തിയത്. ഒരു കല്ലെടുത്ത് വെച്ച് നടത്തിയ പ്രതിഷ്ഠയിലൂടെ ഇന്ത്യൻ അദ്വൈതത്തെ കല്ലിൽ വെച്ച് ഉറപ്പിക്കുകയാണ് ശ്രീനാരായണ ഗുരു ചെയ്തത്. ഇന്ത്യൻ ആത്മീയത സമദർശനത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. അടിമവത്കരിക്കപ്പെട്ട ആധുനിക സ്ത്രീകളെ അഭിസംബോധന ചെയ്യാതെ നമുക്ക് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നവോഥാന മുന്നേറ്റങ്ങളിൽ ഒരു പടി കൂടി ചവിട്ടാൻ തീരുമാനിച്ച സർക്കാറാണ് ഇതെന്ന് അവർ പറഞ്ഞു. ജാതിക്കും മതത്തിനും അപ്പുറത്ത് നാം മനുഷ്യരാണെന്ന് നവോഥാനം ഓർമ്മിപ്പിച്ചു. നവോഥാനം എന്ന വാക്കു പോലും ഇന്ന് ചിലരെ അസ്വസ്ഥരാക്കുന്നു. കേരളം നടന്നു വന്ന വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഋതുമതി എന്ന നാടകം കളിച്ച മണ്ണിലാണ് ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാത്തതെന്ന് അവർ പറഞ്ഞു.
യാഥാസ്ഥിതികത്വം എന്നാൽ മരണമാണെന്ന് പറഞ്ഞത് എൻ.എസ്.എസ് സ്ഥാപകൻ മന്നത്തു പത്മനാഭൻ ആയിരുന്നുവെന്ന് അധ്യക്ഷൻ കരിവെള്ളൂർ മുരളി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ ബൈജു എന്നിവർ സംബന്ധിച്ചു. തുടർന്ന് ഫോക്ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പനും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറി.
- Log in to post comments