പ്രവാസി ക്ഷേമ അദാലത്തും അംഗത്വ കാമ്പയിനും നടത്തി
കേരള പ്രവാസി വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ അദാലത്തും അംഗത്വ കാമ്പയിനും നടത്തി. ജില്ലാ പഞ്ചായത്ത് ഹാളിൽ കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി ടി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പ്രവാസികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായതെന്നും 60 വയസ്സ് കഴിഞ്ഞവർക്ക് കൂടി അംഗത്വം നൽകി ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും ചെയർമാൻ പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനായി സർക്കാർ നിരവധി പദ്ധതികളാണ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ ധനസഹായം, ചികിത്സാ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, ഭവന നിർമ്മാണ ധനസഹായം മുതലായ നിരവധി സഹായങ്ങളാണ് സർക്കാർ നൽകിവരുന്നത്. ഒരു വർഷത്തിൽ കൂടുതൽ അഗത്വം മുടങ്ങുന്നവർക്കുള്ള പിഴ ഒഴിവാക്കുന്നത് സർക്കാരിന്റെ പരിഗണനയിലേക്ക് അയച്ചിട്ടുണ്ടെന്ന് ബോർഡ് അംഗങ്ങൾ അറിയിച്ചു.
പ്രവാസി ക്ഷേമ ബോർഡ് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ധനസഹായത്തെക്കുറിച്ചും കെ എൽ അജിത്ത് ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് അംഗത്വം സംമ്പന്ധിച്ച പരിശോധനകൾക്കും സംശയങ്ങൾക്കും ബോർഡ് അംഗങ്ങൾ മറുപടി നൽകി. പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം രാധാകൃഷ്ണൻ, ഡയറക്ടർ സജീവൻ തൈക്കാട്, ജില്ലാ പ്രവാസി ക്ഷേമ പരിഹാര കമ്മറ്റി അംഗങ്ങളായ വിജയൻ നണിയൂർ, ഇ എം പി അബൂബക്കർ, ജലജ എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ടി രാകേഷ് അദാലത്തിൽ വന്ന പരാതികൾക്ക് മറുപടി നൽകി. പ്രവാസി ക്ഷേമ ബോർഡിൽ അംഗത്വമെടുക്കാൻ www.pravasiwelfarefund.org എന്ന വെബ് സൈറ്റ് സന്ദർശിക്കണമെന്ന് അറിയിച്ചു.
- Log in to post comments