ആയിരം ദിനാഘോഷം; 200 പേര്‍ക്ക് പട്ടയം
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് തിരൂര്‍ സാംസ്കാരിക സമുച്ചയത്തില്‍ നടന്ന പട്ടയമേളയുടെ ഉദ്ഘാടനം അസിസ്റ്റന്റ് കലക്ടര്‍ വികല്പ് ഭരദ്വാജ് നിര്‍വഹിച്ചു. ആയിരം ദിനാഘോഷത്തില്‍ 200 പേര്‍ക്കാണ് പട്ടയം നല്‍കുന്നത്. സ്വന്തം ഭൂമിയില്‍ താമസിക്കുന്നതും സ്ഥലത്തിന് പട്ടയം ലഭിക്കുന്നതും ജീവിതത്തെ കൂടുതല്‍ സുരക്ഷിതവും അടിസ്ഥാനമുള്ളതും ആയി മാറ്റുമെന്നും അര്‍ഹതപ്പെട്ടവരുടെ ഭൂമിയ്ക്ക് പട്ടയം നല്‍കുക എന്നത് സര്‍ക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണെന്നും വികല്പ് ഭരദ്വാജ് പറഞ്ഞു.
68 പേര് വിതരണോദ്ഘാടന വേദിയില്‍ വച്ചുതന്നെ പട്ടയങ്ങള്‍ ഏറ്റു വാങ്ങി. 2018 ഒക്ടോബറില്‍ പാസാക്കിയ പട്ടയങ്ങളാണിവ. പട്ടയം മേളയില്‍ കൈപ്പറ്റാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന് ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്ന് കൈപ്പറ്റുവാനുള്ള സൗകര്യം അതത് ഓഫീസുകളില്‍ ഒരുക്കിയിട്ടുണ്ട്.
തിരൂര്‍ ആര്.ഡി.ഒ എന്‍.എം മെഹറലി അധ്യക്ഷനായ ചടങ്ങില്‍ തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ എം.എസ് സുരേഷ് കുമാര്‍, തിരൂര്‍ തഹസില്‍ദാര്‍ പി.വി സുധീഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഉണ്ണി എന്നിവര്‍ സംസാരിച്ചു.
- Log in to post comments