Skip to main content

സുസ്ഥിര വികസനം ലക്ഷ്യമാക്കി പെരിന്തല്‍മണ്ണ നഗരസഭാ ബജറ്റ്

ഓരോ വര്‍ഷവും പുതിയ പ്രഖ്യാപനങ്ങള്‍ എന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി പ്രഖ്യാപിച്ച പദ്ധതികളുടെ സുസ്ഥിരത ഉറപ്പു വരുത്തുക എന്ന നയത്തിലൂന്നി പെരിന്തല്‍മണ്ണ നഗരസഭ 2019-20 വര്‍ഷത്തെ  ബജറ്റ് അവതരിപ്പിച്ചു. 208.79രൂപ വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണും ധനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായ നിഷി അനില്‍രാജ്  അവതരിപ്പിച്ചു.
     ജീവനം - ശുചിത്വ സുന്ദര ജൈവ നഗര പദ്ധതിയില്‍  വീടുകളുടേയും സ്ഥാപനങ്ങളെയും ഇതര സംസ്ഥാന തൊഴിലാളി ഫ്‌ലാറ്റ് കേന്ദ്രങ്ങളെയും മുഴുവനായി പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്ത് സമ്പൂര്‍ണ ശുചിത്വ നഗരത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. വരുന്ന രണ്ട് വര്‍ഷം ഇതിനായി 5 കോടി രൂപ ചെലവഴിക്കും. കൃഷി- ജലസംരക്ഷണം - പാലുല്‍പാദനം പദ്ധതിയില്‍ സമ്പൂര്‍ണ തരിശു രഹിത നഗരത്തിനായി പ്രവര്‍ത്തിക്കും. നെല്‍കൃഷി വ്യാപിപ്പിക്കും. പച്ചക്കറി കൃഷി വീടുകളില്‍ വ്യാപിപ്പിക്കും. ഫലവൃക്ഷത്തൈകളും വൃക്ഷത്തൈകളും വിതരണം ചെയ്യും. പാലുല്‍പ്പാദനം കാര്യക്ഷമമാക്കും. വ്യവസായ രംഗത്ത് സിയാല്‍ മോഡലില്‍  സംരംഭക സംവിധാനം രൂപീകരിക്കും.
7.5 കോടിയുടെ ക്ഷേമ പദ്ധതികളില്‍ 3.5 കോടി രൂപയാണ് ചെലവഴിച്ചത്. വനിതാ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കി വനിതാ സൗഹൃദ നഗരമാക്കി മാറ്റും. വയോജനങ്ങളുടെ ഒറ്റപ്പെടല്‍ പരിഹരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. എല്ലാ വിഭാഗം സാന്ത്വനം പ്രവര്‍ത്തനത്തിനും വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കും.
വിജയപഥം പദ്ധതിയുടെ ഭാഗമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ 85 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കാനായി തുടര്‍ച്ചയായ ഇടപെടല്‍ നടത്തും.
കലാ-സാംസ്‌കാരിക കായിക രംഗത്ത് ജനകീയ ഇടപെടല്‍ ശക്തിപ്പെടുത്തും. ഇതിനായി വള്ളുവനാട് ടൈഗേഴ്‌സ്  ഫുട്‌ബോള്‍ ക്ലബ്ബുണ്ടാക്കും. ഗെയിംസ് മേളയും സംഘടിപ്പിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിന് രജത ജൂബിലി പദ്ധതിയില്‍ 31 ഇന പദ്ധതികളാണുള്ളത്.  ടാക്‌സി സ്റ്റാന്റ് കം - വനിതാ വിശ്രമ കേന്ദ്രം ഏപ്രിലില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. ആ മാസം തന്നെ നഗരത്തില്‍ എത്തുന്ന വനിതകള്‍ക്ക് താല്കാലിക താമസ സൗകര്യം ഉറപ്പാക്കുന്ന ഷീ സ്റ്റേയും  തുറന്നു കൊടുക്കും.  മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നവീകരണവും എല്‍പി - യു പി ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷനും ആധുനിക വ്യവസായ ഹബ്ബും  അടുത്ത വര്‍ഷം മാര്‍ച്ചിലും  ലേഡീസ് ഹോസ്റ്റല്‍, സാന്ത്വനം പുനരധിവാസ കേന്ദ്രം, ആധുനിക ടൗണ്‍ ഹാള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം കം- ഹെല്‍ത്ത് ഹബ്ബ് , രാമന്‍ ചാടി കുടിവെള്ള പദ്ധതി, ആധുനിക ആയുര്‍വേദ ആശുപത്രി  എന്നിവ ആഗസ്റ്റിലും  ആധുനിക അറവ് ശാല,വിനോദ സാഹസിക പാര്‍ക്ക് എന്നിവ ഒക്ടോബറിലും പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കും.
നഗരസഭയിലെ 246 ഓളം റോഡുകളുടെ  പ്രവര്‍ത്തികള്‍ 12.39 കോടി രൂപ ചെലവില്‍ നിര്‍വ്വഹിച്ചു. 207 ഓളം പ്രവര്‍ത്തികള്‍ പുതുതായി ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം നഗരത്തിലെ സ്‌കൂളുകളുടെ മെയിന്റനന്‍സ് പാലം - കലുങ്കുകള്‍ എന്നിവയുടെ നിര്‍മ്മാണം, അങ്കണവാടികളുടെ മെയിന്റിനന്‍സ് തുടങ്ങിയ പൊതുമരാമത്ത്  പ്രവര്‍ത്തികള്‍ക്ക് 93 കോടി രൂപ ചെലവഴിക്കും.
പെരിന്തല്‍മണ്ണ നഗരസഭയായതിന് ശേഷമുള്ള അഞ്ചാമത് ജനകീയ കൗണ്‍സിലിലെ നാലാം ബജറ്റാണ് ഇന്നവതരിപ്പിച്ചത്.  ചെയര്‍മാന്‍ എം മുഹമ്മദ് സലീം ആമുഖപ്രഭാഷണം നടത്തി.നാളെ കൗണ്‍സില്‍ അംഗങ്ങള്‍ ബജറ്റ് ചര്‍ച്ച ചെയ്യും.  

 

date