Skip to main content
പടിയൂര്‍ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഉദ്ഘാടനം മന്ത്രി ഇ. പി ജയരാജന്‍

ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 94000 പേര്‍ക്ക്  സ്വന്തമായി വീടുകള്‍: മന്ത്രി ഇ പി ജയരാജന്‍

സംസ്ഥാനത്തെ ഭവനരഹിതരായ എല്ലാവര്‍ക്കും വീട് നിര്‍മിച്ചു നല്‍കുന്ന ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടം മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്ത് പൂര്‍ത്തിയാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ലൈഫ് ഭവനപദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെയും കുടുബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് നിര്‍മ്മിച്ച വീടിന്റെയും താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 94000ല്‍ അധികം കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വീട് നിര്‍മ്മിക്കുന്നത്. ഇതില്‍ ഭൂരിഭാഗം വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവയുടെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. പദ്ധതിയുടെ മൂന്ന് ഘട്ടവും പൂര്‍ത്തിയാകുന്നതോടെ ഭവനരഹിതരായ മഴുവന്‍ പേര്‍ക്കും സ്വന്തമായി വീട് ലഭിക്കും. ഇത് ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

62 കുടുംബങ്ങള്‍ക്കാണ് പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്തില്‍ പദ്ധതി പ്രകാരം ഈ വര്‍ഷം വീടുവെച്ചു നല്‍കുന്നത്. ഇതില്‍ 27 വീടുകളുടെ പ്രവൃത്തി ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റ് വീടുകളുടെ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2.34  കോടി രൂപയാണ് പഞ്ചായത്തില്‍ പദ്ധതിക്കായി  ഇതിനോടകം ചെലവഴിച്ചിരിക്കുന്നത്.

200 ദിവസം പൂര്‍ത്തീകരിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, വിമുക്തിലഹരി വിരുദ്ധ ക്വിസ് വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം, ഹോം ഷോപ്പ് സംരംഭകര്‍ക്ക് സ്‌കൂട്ടി വാങ്ങുന്നതിനുള്ള സി ഇ എഫ് വായ്പ വിതരണം, കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം, ജെഎല്‍ജി ഗ്രൂപ്പുകള്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം എന്നിവയും പരിപാടിയില്‍ നടന്നു.

പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ അധ്യക്ഷയായി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി കെ സരസ്വതി, ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ എന്‍ അനില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത്, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

date