മുഴുവന്‍ നെയ്ത്തുകാര്‍ക്കും തൊഴില്‍ ഉറപ്പുവരുത്തും: മന്ത്രി ഇ പി ജയരാജന്‍
പിണറായി ഹൈടെക് വീവിംഗ് മില്‍സ് ഉദ്ഘാടനം ചെയ്തു
ടെക്‌സ്‌റ്റൈല്‍ വ്യവസായ രംഗത്ത് പുത്തനുണര്‍വേകി പിണറായി ഹൈടെക് വീവിംഗ് മില്‍സ് പ്രവര്‍ത്തനമാരംഭിച്ചു. ഉത്സവച്ഛായ നിറഞ്ഞ അന്തരീക്ഷത്തില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് ഹൈടെക് വീവിംഗ് മില്‍സ് നാടിന് സമര്‍പ്പിച്ചത്. ഇത് ജനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ ആയിരംദിന സമ്മാനമാണെന്ന് മന്ത്രി പറഞ്ഞു. കൈത്തറി മേഖലയും ടെക്‌സ്‌റ്റൈല്‍ വ്യവസായവുമെല്ലാം കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതിനു ശേഷം പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. സ്‌കൂള്‍ യൂനിഫോം പദ്ധതി നടപ്പാക്കിയും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കിയും കൈത്തറി, ടെക്‌സ്റ്റെയില്‍ മേഖലകള്‍ നേരിട്ട ഭീഷണിയെ മറികടക്കാനായി. മുഴുവന്‍ നെയ്ത്തുകാര്‍ക്കും തൊഴില്‍ ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ ടി വ്യവസായം പുരോഗതിയുടെ പാതയിലാണ്. ഇതുവരെ ഒരു ലക്ഷം പേര്‍ക്ക് ഐ ടി മേഖലയില്‍ തൊഴില്‍ നല്‍കി. ഈ വര്‍ഷം ഒരു ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് ടെക്‌സ്റ്റെയില്‍സ് കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള ഏഴാമത്തെ സ്ഥാപനമാണ് പിണറായിയില്‍ ആരംഭിച്ച ഹൈടെക്ക് വീവിംഗ് മില്‍സ്. മറ്റ് മില്ലുകളെ അപേക്ഷിച്ച് അത്യാധുനിക യന്ത്ര സാമഗ്രികളും നവീന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മില്‍ ഉല്‍പാദന മികവിലും ഏറെ മുന്നിലായിരിക്കും. സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതിക്കായി കൈത്തറി മേഖലകളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന തുണികള്‍ അപര്യാപ്തമാണ്. അതിനാല്‍ കൂടുതലായി ആവശ്യം വരുന്ന തുണികള്‍ ഇനി പിണറായി ഹൈടെക് വീവിംഗ് മില്ലില്‍ നിന്നും ഉല്‍പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പിണറായി ഗ്രാമപഞ്ചായത്തിലെ കിഴക്കുംഭാഗത്ത് ഒന്നരയേക്കര്‍ സ്ഥലത്താണ് ഹൈടെക് വീവിംഗ് മില്‍ സ്ഥാപിച്ചത്. ബെല്‍ജിയം, ജര്‍മ്മനി, ചൈന, തായ്‌വാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക യന്ത്രങ്ങളുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിന് 35 കോടി രൂപയാണ് ചെലവായത്. നേരിട്ടോ അല്ലാതെയോ 1200 ലധികം പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കും. ആഭ്യന്തര അന്താരാഷ്ട്ര വിപണികള്‍ ലക്ഷ്യമിട്ട് വ്യാവസായികാടിസ്ഥാനത്തില്‍ ഗുണമേന്മയുള്ള തുണി ഉല്‍പാദിപ്പിക്കുന്നതോടൊപ്പം യന്ത്രവല്‍കൃത ഡബ്ലിംഗ് പ്രവൃത്തിയും ഇവിടെ നടക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മില്ലില്‍ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഒരു ദിവസം 15,000 മീറ്റര്‍ തുണി ഉല്‍പാദിപ്പിക്കും. പൊതുമേഖലയില്‍ പ്രതിദിനം 10,000 മീറ്ററിലധികം തുണി ഉല്‍പ്പാദിപ്പിക്കുന്ന ഏക സ്ഥാപനം കൂടിയാവുമിത്.
ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എം ഗണേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പറേഷനു ലഭിച്ച ട്രിവാന്‍ഡ്രം ബെസ്റ്റ് എംപ്ലോയര്‍ ബ്രാന്‍ഡ് അവാര്‍ഡ്-2019 ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സി ആര്‍ വല്‍സന് കൈമാറി.
എം പി മാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ, വാര്‍ഡ് അംഗം കെ പി അസ്‌ലം, പിണറായി ഹൈടെക് വീവിംഗ് മില്‍ ജനറല്‍ മാനേജര്‍ വി ആര്‍ ഹോബി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments