Skip to main content
ചേലേരിമുക്ക്- നായാട്ടുപാറ  റോഡിന്റ്റെയും മയ്യില്‍ - കാഞ്ഞിരോട് റോഡ്  പ്രവൃത്തിയുടെയും ഉദ് ഘാടനം  മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കുന്നു

ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം;  മന്ത്രി ഇപി ജയരാജന്‍

 

മയ്യില്‍- കാഞ്ഞിരോട് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കരാറുകാര്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. നിശ്ചിത സമയത്ത് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന കരാറുകാരേയും ഉദ്യോഗസ്ഥരേയുമാണ് നാടിനാവശ്യമെന്നും അല്ലാത്തപക്ഷം വികസന മുരടിപ്പിന് ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേലേരിമുക്ക് -കൊളച്ചേരിമുക്ക് -നായാട്ടുപാറ റോഡിന്റെയും, മയ്യില്‍- കാഞ്ഞിരോട് റോഡ് പ്രവൃത്തിയുടേയും ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബജറ്റ് പദ്ധതികള്‍ക്ക് പുറമെ 50,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. കിഫ്ബി വഴി പണം സമാഹരിച്ച് വിവിധ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. നാടിന്റെ പുരോഗതിക്ക് മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. തറക്കല്ലിട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലിനും സബ്സിഡിയുള്‍പ്പെടെ വില നിശ്ചയിക്കുകയും അവ സംഭരിച്ച് വിതരണം ചെയ്യുകയും ചെയ്യും. ഇതിനായി മൂന്ന് ഹൈടെക് റൈസ് മില്ലുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ പോകുകയാണെന്ന് മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 565 കിലോമീറ്റര്‍ അഡിഷണല്‍ റെയില്‍പ്പാളം സ്ഥാപിക്കുമെന്നും 2021 ല്‍ അതിവേഗ റെയില്‍വെയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുവധിച്ച 26.8 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചേലേരിമുക്ക് - നായാട്ടുപാറ റോഡ് നവീകരിച്ചത്. 17.8 കിലോമീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയിലുമാണ് ടാറിംഗ് പൂര്‍ത്തീകരിച്ചത്. കോണ്‍ക്രീറ്റ് ഓവുചാലുകളും നടപ്പാതകളും കള്‍വര്‍ട്ടുകളും റോഡിനോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് പുറമെ റോഡ് സുരക്ഷയ്ക്കായി റിഫ്ളക്ടീവ് റോഡ് മാര്‍ക്കിംഗും, റിഫ്ളക്ടീവ് സ്റ്റഡുകളും, സ്ഥല സൂചനാ ബോര്‍ഡുകളുമുണ്ട്. 

പൊതുമരാമത്ത് നിരത്ത് വിഭാഗം കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മയ്യില്‍- കാഞ്ഞിരോട് റോഡ് പ്രവൃത്തി ആരംഭിക്കുന്നത്. നിലവില്‍ എട്ട് മീറ്റര്‍ വീതിയുള്ള റോഡ് പൊതുജനങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലം ഉപയോഗിച്ച് 10 മീറ്ററാക്കി ഉയര്‍ത്താനും 5.50 വീതിയില്‍ മെച്ചപ്പെട്ട ഉപരിതലം നിര്‍മ്മിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നും 24.55 കോടി രൂപയാണ് റോഡിന്റെ പുനരുദ്ധീകരണത്തിനായി അനുവദിച്ചത്. 

ചെറുവത്തലമൊട്ടയില്‍ നടന്ന ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം പിമാരായ പി കെ ശ്രീമതി ടീച്ചര്‍, കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് എന്നിവര്‍ മുഖ്യാതിഥികളായി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം സി മോഹനന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ടി റോസമ്മ, ദേശീയപാത വിഭാഗം കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി എസ് സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date