Skip to main content

കാര്‍ഷിക മേഖലക്കും മണ്ണ്, ജല സംരക്ഷണത്തിനും  പ്രാമുഖ്യം നല്‍കി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ബജറ്റ്

 

2019-20 വര്‍ഷത്തെ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക മേഖലക്കും മണ്ണ്, ജല സംരക്ഷണത്തിനും മുന്‍തൂക്കം. കാര്‍ഷിക മേഖലയ്ക്കും മൃഗസംരക്ഷണത്തിനുമായി 67 ലക്ഷം രൂപ വകയിരുത്തി. മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനത്തിനായി 80.25 ലക്ഷം രൂപയും ആരോഗ്യ മേഖലക്കായി 50 ലക്ഷം രൂപയും റോഡ് പ്രവൃത്തികള്‍ക്ക് 86 ലക്ഷം രൂപയും അങ്കണവാടി  കുട്ടികളുടെ പോഷകാഹാരത്തിനായി 20 ലക്ഷം രൂപയും വകയിരുത്തി. ആധുനിക വാതക ശ്മശാനത്തിനായി 79 ലക്ഷം രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാറിന്റെ നവകേരള മിഷന്റെ ഭാഗമായ ആര്‍ദ്രം , ലൈഫ്, ഹരിത കേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ ഗണ്യമായ തുക നീക്കി വച്ചു. ലൈഫ് ഭവന നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയും ആശ്രയ ഭവന പദ്ധതിക്കായി എട്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസില്‍ നിന്നും ഘടക സ്ഥാപനങ്ങളില്‍നിന്നും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും വിവരവിനിമയ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ബജറ്റില്‍ തുക വകയിരുത്തി. 

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ലക്ഷ്മണന്‍ അവതരിപ്പിച്ച ബജറ്റില്‍ 2018-19 വര്‍ഷത്തെ പ്രാരംഭ ബാക്കി ഉള്‍പ്പെടെ 23,48,60,076 രൂപ വരവും 23,10,95,217 രൂപ ചെലവും 37,64,859 രൂപ  മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡണ്ട് ഇ പി ഓമന അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി പ്രകാശന്‍ സ്വാഗതം പറഞ്ഞു. 

 

date