ജനാധിപത്യസമൂഹത്തില്‍ സംസ്‌കാരിക ധാരകള്‍ തടസ്സമില്ലാതെ ഒഴുകും: പി ശ്രീരാമകൃഷ്ണന്‍
സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സ്വീകരിക്കുന്ന ആര്‍ജിത ജ്ഞാന മൂലധനമാണ് സംസ്‌കാരമെന്നും ജനാധിപത്യ സമൂഹത്തില്‍ വിവിധ സംസ്‌കാരങ്ങള്‍ തടസ്സമില്ലാതെ ഒഴുകുമെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കേരള തുളു അക്കാദമിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം ദുര്‍ഗിപ്പള്ളിയില്‍ സ്ഥാപിക്കുന്ന തുളുഭവന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബലമായ തുളു സംസ്‌കാരത്തിനോട് കാണിക്കുന്ന ഉചിതമായ നീതിയാണ് തുളുഭവന്‍ സാംസ്‌കാരിക കേന്ദ്രത്തിലൂടെ പ്രായോഗികമാകുന്നത്. തുളു സംസ്‌കാരത്തിന്റെ ഉന്നത വളര്‍ച്ചയ്ക്ക്ും സാധ്യതയ്ക്കും ഊര്‍ജം നല്‍കുന്ന സാംസ്‌കാരിക കേന്ദ്രമായി വളരാന്‍ തുളുഭവന് സാധിക്കുമെന്നും രാജ്യത്തിന്റെ സാമൂഹിക ധാരയില്‍ തുളു സംസ്‌കാരവും തടസ്സമില്ലാതെ കൂടുതല്‍ ഊര്‍ജത്തോടെ ഒഴുകുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി വ്യത്യസ്തമായ ഭാഷകളും ഭൂപ്രദേശങ്ങളും കാലാവസ്ഥയുമുള്ള വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യയെന്നും ശക്തമായ ഭരണഘടനയുടെ കീഴില്‍ ഒത്തൊരുമയോടെ പുലരുന്ന വിവിധങ്ങളായ സംസ്‌കാരങ്ങള്‍ ലോകത്തിന് തന്നെ അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകമായി മുന്‍കൂര്‍ തയ്യാറാക്കാത്ത കലര്‍പ്പിന്റെ ഉത്സവമാണ് സംസ്‌കാരങ്ങള്‍. എല്ലാ സംസ്‌കാരങ്ങളും തടസ്സമില്ലാതെ സാമൂഹിക ജീവിതത്തില്‍ ഒഴുകുന്നുവെന്നതിലാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ മാഹാത്മ്യമിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments