പ്രീതികുളങ്ങര സ്പോർട്സ് സ്റ്റേഡിയം ശിലാസ്ഥാപനം ഇന്ന് (മാർച്ച്1)
കലവൂർ: കലവൂർ എൻ.ഗോപിനാഥന്റെ സ്മരണയ്ക്കായി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ ശിലാ സ്ഥാപനം ഇന്ന് (മാർച്ച് ഒന്ന്) വൈകിട്ട് അഞ്ചിന് പ്രീതികുളങ്ങര ഗ്രൗണ്ടിൽ ധനമന്ത്രി ഡോ.ടി. എം.തോമസ് ഐസക്ക് നിർവഹിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് ആദ്യഘട്ടത്തിൽ് 5.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
200 മീറ്റർ നാലുവരി ട്രാക്ക്, മിനി ഫുട്ബാൾ ഗ്രൗണ്ട്, വിവിധോദ്ദേശ്യ മൈതാനം, ഫിറ്റ്നെസ്സ് ജിം, 200 പേർക്കുള്ള പവലിയൻ സൗകര്യം എന്നിവയാണ് ഒരുക്കുന്നത്. പ്രീതികുളങ്ങര സ്‌കൂളിന്റെ സംരക്ഷണവും വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂൾ കെട്ടിടത്തിന്റെ പുരാതന സ്വഭാവം നിലനിർത്തി സംരക്ഷിക്കുന്നതിനോടൊപ്പം സ്‌കൂളിനായി ആറുക്ലാസ് മുറികളുള്ള ബഹുനില കെട്ടിടവും പൂർത്തീകരിക്കുന്നുണ്ട്. ചടങ്ങിൽ ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിക്കും. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രദേശത്തെ സ്പോർട്സ് ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ വിതരണം ചെയ്യും. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. മാത്യു, ജില്ല പഞ്ചായത്ത് അംഗം ജുമൈലത്ത്, മാരാരിക്കുളം തെക്ക് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ എന്നിവർ പങ്കെടുക്കും.
സായൂജ്യം വയോജന പരിപാലനം:
ഉദ്ഘാടനം ഇന്ന്(മാർച്ച്1)
തൈക്കാട്ടുശ്ശേരി: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന സമഗ്ര വയോജന പദ്ധതി (സായൂജ്യം) തദ്ദേശഭരണമന്ത്രി എ. സി.മൊയ്തീൻ ഇന്ന് (മാർച്ച് 01) രാവിലെ 10ന് പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ 60 വയസ്സ് കഴിഞ്ഞ മുഴുവൻ പേർക്കും ശാരീരികവും മാനസികവും ആരോഗ്യകരവുമായ ശാക്തീകരണത്തിലൂടെ സന്തോഷകരമായ ജീവിത സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ 120 അങ്കണവാടികൾ ആശ്രയകേന്ദ്രമാക്കി അങ്കണവാടി-ആരോഗ്യ-ആശ പ്രവർത്തകരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ നടത്തി അവശ്യ പരിചരണം, പോഷകാഹാരം ,വിനോദയാത്ര, പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തൽ, മാനസികാരോഗ്യത്തിനായി തുടർച്ചയായ കൗൺസിലിങുകൾ എന്നിവയും നൽകും. എ.എം.ആരിഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. സിനിമ സീരിയൽ താരം കുമരകം രഘുനാഥ് മുഖ്യാതിഥിയാകും.
- Log in to post comments