Skip to main content

വാര്‍ഷിക ഭേദഗതി പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കി  ജില്ലാ ആസൂത്രണസമിതി യോഗം 

ജില്ലയിലെ 2018-19 വാര്‍ഷിക പദ്ധതികള്‍ക്ക്‌ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ഭേദഗതികളോടെ അംഗീകാരം നല്‍കി. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന ഭേദഗതി പദ്ധതികള്‍ക്കാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസിന്റെ അധ്യക്ഷതയില്‍ ആസൂതണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ അംഗീകാരം നല്‍കിയത്‌. 65 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നുള്ള 248 ഭേദഗതി പദ്ധതികള്‍ക്കും 81 പുതിയ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ജില്ലാ പഞ്ചായത്ത്‌- 4, കുന്നംകുളം നഗരസഭ- 23, ഏഴു ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ നിന്ന്‌ 36, 55 പഞ്ചായത്തുകളില്‍ നിന്ന്‌ 185 ഭേദഗതി പദ്ധതികളും ഒല്ലൂക്കര, പഴയന്നൂര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ നിന്ന്‌ ആറും 32 പഞ്ചായത്തുകളില്‍ നിന്നായി 75 പുതിയ പദ്ധതികള്‍ക്കുമാണ്‌ അംഗീകാരം നല്‍കിയത്‌. തൃശൂര്‍ കോര്‍പ്പറേഷന്‌ സമര്‍പ്പിച്ച പുതുക്കിയ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 2018-19 ലെ 1204.5 ലക്ഷം രൂപയുടെ വാര്‍ഷിക കര്‍മ്മപദ്ധതിയ്‌ക്കും 19-20 ലെ 13,92,79,000 രൂപയുടെ വാര്‍ഷിക കര്‍മ്മപദ്ധതിയ്‌ക്കും ഡി.പി.സി യില്‍ അംഗീകാരം നല്‍കി. അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച കുന്നംകുളം- 3,06,74,810, വടക്കാഞ്ചേരി-14,20,40,000, കൊടുങ്ങല്ലൂര്‍- 15 കോടി എന്നീ നഗരസഭകളുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. ജില്ലാ പദ്ധതികളില്‍ നിന്ന്‌ തെരഞ്ഞെടുത്ത ചില പദ്ധതികള്‍ കേരള പുനര്‍നിര്‍മാണപദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തു നടത്താന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്‌തു. ജില്ലാ പദ്ധതിയില്‍ നിന്നും ജില്ലയുടെ സുസ്ഥിരമായ വികസനത്തിന്‌ അനുയോജ്യമായ തെരഞ്ഞെടുത്ത 10 പദ്ധതികളുടെ എസ്റ്റിമേറ്റ്‌ മാര്‍ച്ച്‌ 31 നകം സമര്‍പ്പിക്കണമെന്ന്‌ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം പ്രളയാനന്തര സാഹചര്യം കൂടി കണക്കാക്കി പുതിയ പദ്ധതി നിര്‍ദ്ദേശങ്ങളും പരിഗണിക്കാവുന്നതാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എന്‍.കെ.ഉദയപ്രകാശ്‌, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ പ്രതിനിധി ഡോ. എം.എന്‍ സുധാകരന്‍, ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ ടി.ആര്‍. മായ, ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date