മായം പി.എച്ച്.സി.യില്‍ പുതിയ ഒ.പി ബ്ലോക്ക്
അമ്പൂരി ഗ്രാമ പഞ്ചായത്തിലെ മായം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ ഒ.പി. ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യു വകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിച്ചു. അവശത അനുഭവിക്കുന്ന ജനവിഭാഗത്തിനു ചികിത്സ നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ആരോഗ്യ രംഗത്ത് കാലോചിതമായ മാറ്റം വരുത്തി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയാണ്. അമ്പൂരിയിലെ പട്ടയ രഹിതരായ കര്‍ഷകരില്‍ അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം നൂറ്റമ്പതു പേര്‍ക്ക് എന്ന നിലയില്‍ കഴിഞ്ഞ 1000 ദിനങ്ങളില്‍ പട്ടയവിതരണം നടത്താന്‍ സര്‍ക്കാരിനായി. ചടങ്ങില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മലയോര ആദിവാസി മേഖലയിലുള്‍പ്പെട്ട മായം പ്രാഥമികാരോഗ്യ കേന്ദ്രത്തിനെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് എം.എല്‍.എ പറഞ്ഞു. ഇതോടെ മൂന്ന് ഡോക്ടര്‍മാരുടെയും മതിയായ സ്റ്റാഫ് നേഴ്സുമാരുടെയും സേവനം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടാകും.
(പി.ആര്.പി. 335/2019)
- Log in to post comments