ഗോത്ര വിഭാഗങ്ങളുടെ മരുന്നു കാപ്പിയും കിഴങ്ങു വിഭവങ്ങളും രുചിച്ചറിയാം ...
17 ഇനം ഔഷധസസ്യങ്ങള്‍ ചേര്‍ന്ന കാപ്പി കുടിച്ചിട്ടുണ്ടോ?, വനത്തിലെ സെപ്ഷ്യല്‍ കിഴങ്ങ് വിഭവങ്ങള്‍ രുചിക്കാന്‍ ആഗ്രഹമുണ്ടോ? ആറ്റിങ്ങലില്‍ മാമം മൈതാനത്ത് നടക്കുന്ന 'ഗദ്ദിക' യില്‍ വന്നാല്‍ മതി. പട്ടികജാതി - പട്ടികവര്‍ഗ വകുപ്പും കിര്‍ത്താഡ്സും ചേര്‍ന്നാണ് ഗദ്ദിക എന്ന പേരില്‍ നാടന്‍ കലാമേളയും ഉത്പന്ന പ്രദര്‍ശന വിപണന മേളയും സംഘടിപ്പിച്ചിരിക്കുന്നത്.
മലവേടര്‍, കുറുമ്പര്‍, കാണി എന്നീ മൂന്ന് ഗോത്ര വിഭാഗങ്ങളുടെ വംശീയ ഭക്ഷണമാണ് ഇത്തവണ ഗദ്ദികയില്‍ ഒരുക്കിയിരിക്കുന്നത്. ഓരോ വിഭാഗത്തിലെയും അഞ്ചുപേര്‍ വീതമുള്ള സംഘം രുചിവൈവിധ്യങ്ങളൊരുക്കാന്‍ സദാ സന്നദ്ധരായുണ്ട്.
പനി, ശരീരവേദന, ജലദോഷം, വയറുവേദന തുടങ്ങിയ രോഗങ്ങള്‍ക്കായി വിതുരയിലെ കാണിക്കാര്‍ ഉണ്ടാക്കുന്ന ഒറ്റമൂലിയായ മരുന്ന് കാപ്പി കുടിക്കാന്‍ നിരവധി പേരാണ് മേളയില്‍ എത്തുന്നത്. ഇതുകൂടാതെ പറണ്ടക്ക പായസം, പറണ്ടക്ക കഞ്ഞി എന്നിവയും ഇവര്‍ ഒരുക്കുന്നു.
തെക്കന്‍ കേരളത്തിന് സുപരിചതമല്ലാത്ത തനത് വിഭവങ്ങളുമായാണ് അട്ടപ്പാടിയിലെ കുറുമ്പരും റാന്നിയിലെ മലവേടവിഭാഗക്കാരും എത്തിയിരിക്കുന്നത്. കുറുമ്പ വിഭാഗക്കാര്‍ റാഗി പഴം പൊരി, റാഗി അട, ചാമ പായസം, തുമര പുഴുക്ക് എന്നിവ വിളമ്പുമ്പോള്‍ കപ്പ കാച്ചില് ചേമ്പ് വിഭവങ്ങളും മീന്‍ ചമ്മന്തിയുമൊക്കെയാണ് മലവേട സമുദായം ഒരുക്കുന്നത്. മലവേടരുടെ പ്രത്യേക വിഭവമായ ശതാവരി അച്ചാര്‍ ആവശ്യക്കാരുടെ തിരക്ക് മൂലം ഇതിനോടകം കാലിയായി. ഭക്ഷണത്തിന് വേണ്ട ഒട്ടുമിക്ക വസ്തുക്കളും സ്വന്തം നാട്ടില്‍ നിന്നു തന്നെയാണ് ഇവര്‍ കൊണ്ടു വന്നത്.
ഭക്ഷ്യമേള കൂടാതെ വൈകുന്നേരങ്ങളില്‍ വിവിധ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ തനത് ഭക്ഷ്യവിഭവങ്ങള്‍ തത്സമയം ഉണ്ടാക്കി അവയുടെ പാചകരീതി വിശദീകരിക്കുകയും ചെയ്യും.
(പി.ആര്.പി. 336/2019)
- Log in to post comments