Skip to main content

കേരളത്തിലെ ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്‌ലാറ്റ് സമുച്ചയം ആലപ്പുഴയിൽ  -മന്ത്രി മേഴ്‌സികുട്ടിഅമ്മ -ഫ്‌ളാറ്റ് സമുച്ചയത്തിൽ 204 വീടുകൾ

ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്‌ലാറ്റ് സമുച്ചയം ആലപ്പുഴയിൽ തോട്ടപ്പള്ളിക്കടുത്ത് മണ്ണുംപുറത്ത് നിർമ്മിക്കുന്നതായിരിക്കുമെന്നും ഇതിന്റെ പണി ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്നും മത്സ്യ ബന്ധന, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്  മന്ത്രി ജെ മേഴ്സികുട്ടി അമ്മ പറഞ്ഞു. പൊതുമരാമത്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയിൽ തോട്ടപ്പള്ളി ജംഗ്ഷനിൽ വെച്ച് നടന്ന പുറക്കാട് ഫ്‌ലാറ്റ് സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 3.58 ഏക്കർ ഭൂമിയിൽ 2.40  കോടി രൂപയിൽ 204 വീടുകൾ ഉൾക്കൊള്ളുന്ന ഫ്‌ലാറ്റ് സമുച്ചയമാണ് ഇവിടെ നിർമ്മിക്കുക. ജില്ലയിലെ പുറക്കാട് മേഖലയിൽ ഭൂരഹിത മൽസ്യത്തൊഴിലാളികൾകുള്ള ഭവന പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഫ്‌ലാറ്റ് നിർമ്മിക്കുന്നത്.  കേരള മോഡൽ എന്ന രീതിയിൽ മാതൃകപരമായി തിരുവനന്തപുരത്ത് മൽസ്യത്തൊഴിലാളികൾക്കായി നിർമിച്ച ഫ്‌ലാറ്റ് സമുച്ചയത്തിൽ എട്ട് വീട് എന്ന കണക്കിൽ 192 വീട്  വെച്ച് പദ്ധതി നേരത്തെ സർക്കാർ യാഥാർഥ്യമാക്കി. അത് വിജയം കണ്ടതിനു പിന്നാലെ കേരളത്തിലെ എല്ലാ ഭവന രഹിതരായ അർഹതപ്പെട്ട എല്ലാ മത്സ്യതൊഴിലാളികൾക്കും ഇതേ പദ്ധതി യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് കേരള സർക്കാർ പ്രവർത്തിച്ചുവരുന്നത് -മന്ത്രി കൂട്ടി ചേർത്തു. മത്സ്യ തൊഴിലാളികൾ എന്നും ഏറ്റവും മോശം അവസ്ഥയിൽ ജീവിക്കേണ്ടവർ ആണെന്ന ധാരണ സർക്കാർ  തിരുത്തും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം എന്ന ഏറ്റവും വലിയ പ്രശ്‌നവും പരിഹരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്.   ജില്ലയിൽ  മൽസ്യത്തൊഴിലാളികൾക്കായി 120 പേർക്ക് ഒരു വീടിന് 10 ലക്ഷം രൂപ എന്ന രീതിയിൽ സ്ഥലം വാങ്ങി വീട് വയ്ക്കാൻ പദ്ധതി അനുവദിച്ചു. അതിൽ 86 പേര് സ്ഥലം വാങ്ങി വീട് പണി ആരംഭിച്ചു. പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം 1000 ദിവസങ്ങൾ കൊണ്ട് തെളിയിച്ച സർക്കാരാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. 

രണ്ടു തലമുറയ്ക്ക് താമസിക്കാവുന്ന അരനൂറ്റാണ്ട് നില നിൽക്കുന്ന രീതിയിലുള്ള വീടുകളാണ് ഫ്‌ലാറ്റ് മാതൃകയിൽ നിർമിക്കുന്നത്. കടലാക്രമണത്തിൽ വീട് തകർന്ന് താമസ സൗകര്യം ഇല്ലാതായ 150 കുടുംബങ്ങൾ ആലപ്പുഴയിൽ ഉണ്ട്. 50 മീറ്റർ ദൂരത്തിൽ ഒന്നാം നിരയിൽ കടൽ കയറാൻ സാധ്യതയുള്ള ആളുകളെയാണ് ആദ്യഘട്ടത്തിൽ മാറ്റിപാർപ്പിക്കുന്നത്. ആരെയും നിർബന്ധിപ്പിച്ച് മാറ്റില്ലെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിലെ പുറക്കാട് മുതൽ അമ്പലപ്പുഴ വരെ ഉള്ള കടൽ കയറാൻ സാധ്യതയുള്ള ആളുകളെയാണ് ആദ്യ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. അർഹതയുടെ അടിസ്ഥാനത്തിൽ അർഹതയുള്ള കരങ്ങളിലേക്ക് സുരക്ഷിതമായ താമസ സൗകര്യം  എത്തിക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 

കടൽ കയറ്റം തടയുന്നതിന് 40 വർഷം ഈട് നിൽക്കുന്ന  ഫ്രഞ്ച് സംഘത്തിന്റെ സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ തോട്ടപ്പള്ളിയിൽ ഒരു കിലോമീറ്റർ നിർമിക്കും. വിജയകരമായി മാറിയാൽ ടെൻഡർ നടപടികൾ നടത്തി കേരളത്തിൽ ഉടനീളം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 24 ഹാർബറുകളാണ് ഉള്ളത്. അതിൽ മൂന്ന് ഹാർബർ മാത്രമേ നല്ലതായി ഉള്ളു. ഈ ഗവണ്മെന്റ് വന്നതിനു ശേഷം മൂന്നു ഹർബർ ഉദ്ഘടനം നിർവഹിച്ചു. മൂന്ന് എണ്ണത്തിന്റെ നിർമാണ ഉദ്ഘടനം നടന്നു. എട്ടു ഹാർബറുകളുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ 2019-20 കാലഘട്ടത്തിൽ ചെയ്ത് തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിൽ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഹാർബറും അർത്തുങ്കൽ ഹാർബറും ഉൾപെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. കൂടാതെ പുറക്കാട് നിർമിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ലേഔട്ട് മോഡൽ മന്ത്രി എല്ലാവർക്കുമായി നൽകി. 

 

കേരളത്തിലെ പ്രളയത്തിൽ രക്ഷകനായി എത്തി കേരളത്തിന്റെ സൈന്യമായി മാറിയ മൽസ്യത്തൊഴിലാളികൾക്കും  പട്ടണത്തിലെ സമ്പന്നരെപ്പോലെ ഫ്‌ലാറ്റ് ജീവിതം സാധിക്കും എന്ന് തെളിയിക്കുകയാണ് സർക്കാരെന്ന് മന്ത്രി  ജി. സുധാകരൻ പറഞ്ഞു. 

തോട്ടപ്പള്ളി ജംഗ്ഷനിൽ വെച്ച് നടന്ന ചടങ്ങിൽ മത്സ്യ ഫെഡ് ചെയർമാൻ പി. പി. ചിത്തരഞ്ജൻ മത്സ്യഫെഡിലെ 83 സ്വയം സഹായ സംഘങ്ങളിലെ 974 അംഗങ്ങൾക്കു വായ്പ വിതരണവും, ഇൻഷുറൻസ് വിതരണവും ചികിത്സ ധന സഹായ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ,  കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടർ പി. എ. ഷെയ്ഖ് പരീത്, ഫിഷറീസ് ഡയറക്ടർ എസ് വെങ്കടേസപതി, എ. ഡി. എം . ഐ അബ്ദുൽ സലാം, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ. എം ജുനൈദ്,  വൈസ് പ്രസിഡന്റ് മായ ദേവി,അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണു ലാൽ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്,  സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , ആരോമൽ, ഉണ്ണി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.നൗഷർഖാൻ  എന്നിവർ സംസാരിച്ചു. 

 

 

sir

date