Skip to main content

പരാതികള്‍ക്കിടമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും സഹായം എത്തിക്കാന്‍ സാധിച്ചു: ഡോ. എ. സമ്പത്ത് എം.പി.

     പരാതികള്‍ക്കിടമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും സഹായം എത്തിക്കാന്‍ സാധിച്ചതായി ഡോ. എ. സമ്പത്ത് എം.പി പറഞ്ഞു.  തൈക്കാട് പി.ഡബ്‌ള്യു.ഡി റെസ്റ്റ് ഹൗസില്‍ എം.പി.ലാഡ്‌സ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരില്‍നിന്നും ലഭിച്ച 25 കോടി രൂപയില്‍ 24.5 കോടിയും ചെലവഴിച്ച് ഫണ്ട് വിനിയോഗത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ ആറ്റിങ്ങല്‍ മണ്ഡലത്തിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.
    സമ്പൂര്‍ണ ആംബുലന്‍സ് സൗകര്യമുള്ള രാജ്യത്തെ ഏക ലോക്‌സഭാ മണ്ഡലമാക്കി ആറ്റിങ്ങലിനെ മാറ്റി. പഠനം വിനോദകരമാക്കുന്നതിനോടൊപ്പം കുട്ടികള്‍ കളിച്ചു വളരണം എന്ന ആശയം മുന്‍ നിര്‍ത്തി വിവിധ വിദ്യാലയങ്ങളില്‍ പാര്‍ക്ക് നിര്‍മിച്ചു നല്‍കി. മണ്ഡലത്തിലെ വിദ്യാലങ്ങളുടെ  അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സ്‌കൂള്‍ ബസുകളും, കംപ്യൂട്ടറുകളും അനുവദിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവത്തനങ്ങള്‍ക്കായി 22.5 ശതമാനത്തില്‍  കൂടുതല്‍ ഫണ്ട് വിനിയോഗിക്കാന്‍ സാധിച്ചു.
     പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം സാംസ്‌കാരിക നിലയങ്ങള്‍ ഗ്രന്ഥശാലകള്‍ വായനശാലകള്‍ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഫണ്ട് വിനിയോഗിച്ചു.     റെസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
      (പി.ആര്‍.പി. 339/2019)

 

date