Skip to main content
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ഗ്രന്ഥാലയവും സംഘടിപ്പിച്ച അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവല്‍ സംവിധായകന്‍ ടി ദീപേഷ് ഉദ്ഘാടനം ചെയ്യുന്നു.

'അതിജീവനം' ഡോക്യുമെന്ററി ഫെസ്റ്റിന് തുടക്കമായി 

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും തായംപൊയില്‍ സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയവും സംഘടിപ്പിക്കുന്ന 'അതിജീവനം' ത്രിദിന ഡോക്യുമെന്ററി ഫെസ്റ്റ് സംവിധായകന്‍ ടി ദീപേഷ് ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ സംഘമിത്ര അധ്യക്ഷനായി. എം ജിജേഷ് സ്വാഗതവും കെ സി ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു. 

ഫെസ്റ്റിന്റെ ഭാഗമായി നടന്ന 'നവോത്ഥാന കേരളം' ജില്ലാതല ഓപ്പണ്‍ ടു ഓള്‍ ക്വിസ് മല്‍സരത്തില്‍ ടി വി ശ്രീനാഥ് (മട്ടന്നൂര്‍ പാലോട്ടുപള്ളി)- പി എ അശ്വതി (വേങ്ങാട്) ടീം ഒന്നാം സ്ഥാനം നേടി. കെ വി രത്‌നാകരന്‍ (ആലപ്പടമ്പ്) - കെ പി സാഹിദ് ഉമര്‍ (മാട്ടൂല്‍) ടീം രണ്ടാം സ്ഥാനവും കെ അനില -എന്‍ വി സിന്ധു (മയ്യില്‍) ടീം  മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് 2000, 1500, 1000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കി. പി കെ ശ്രീപ്രകാശ്, ടി സി ജംഷീര്‍ എന്നിവര്‍ ക്വിസ് മല്‍സരം നിയന്ത്രിച്ചു. 

എം വേണുകുമാറിന്റെ  'പ്രളയശേഷം ഹൃദയപക്ഷം' ആയിരുന്നു ഉദ്ഘാടന ചിത്രം. തുടര്‍ന്ന് ടി രാജീവ് നാഥിന്റെ 'പി പത്മരാജന്‍ - മലയാളത്തിന്റെ ഗന്ധര്‍വന്‍', പ്രിയനന്ദനന്റെ 'വൈലോപ്പിളളി ഒരു കാവ്യജീവിതം' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

രണ്ടാം ദിനമായ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് എം ജി ശശി സംവിധാനം ചെയ്ത 'അഴീക്കോട് മാഷ്', പി ബാലചന്ദ്രന്‍ ഒരുക്കിയ 'വി സാംബശിവന്‍ - കഥാകഥനത്തിന്റെ രാജശില്‍പി', കെ ജി ജോര്‍ജിന്റെ 'വള്ളത്തോള്‍ മഹാകവി' എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും നടക്കും.

സമാപനദിനമായ ചൊവ്വാഴ്ച വൈകിട്ട് ആറിന് കടമ്മനിട്ടയുടെ ജീവിതം പ്രമേയമായി ജയരാജ് ഒരുക്കിയ 'കടമ്മന്‍ -പ്രകൃതിയുടെ പടയണിക്കാരന്‍', ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത  'രാമുകാര്യാട്ട്-സിനിമയും സ്വപ്നവും', വി ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത 'പ്രേം നസീര്‍ - ദേവനായകന്‍' എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും ഉണ്ടാകും. 

 

date