മത്സ്യ തൊഴിലാളികൾക്ക് ധനസഹായ വിതരണം
അമ്പലപ്പുഴ: മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആലപ്പുഴ മേഖല മത്സ്യതൊഴിലാളി സംഗമവും, ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണവും ബോധവത്ക്കരണ പരിപാടിയും നടത്തി. പുറക്കാട് എസ്.എൻ.എം സ്‌കൂളിൽ നടന്ന സംഗമവും ധനസഹായ വിതരണവും മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ പദ്ധതികളുടെ ഭാഗമായി 1.04 കോടി രൂപയുടെ സഹായമാണ് വിതരണം ചെയ്തത്. വിവിധ അപകടങ്ങളിൽ മരിച്ച ഏഴു മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ജോലിക്കിടെ മരിച്ച രണ്ടു പേരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതവും, സ്വാഭാവിക മരണം സംഭവിച്ച 52 പേരുടെ കുടുംബങ്ങൾക്ക് 15,000 രൂപയും, അനുബന്ധ തൊഴിലാളികളായ ഒൻപതു പേരുടെ കുടുംബങ്ങൾക്ക് 15,000 രൂപയും, മത്സ്യ-അനുബന്ധ തൊഴിലാളികളുടെ പെൺമക്കളുടെ വിവാഹ ധനസഹായമായി 23.70 ലക്ഷം രൂപയും വിതരണം ചെയ്തു.
ദേശീയ പോൾവാൾട്ട് മൽസരത്തിൽ മികച്ച പ്രകടനം നടത്തിയ ജെസ്സൻ ജോർജിന് 87,500 രൂപയും വിതരണം ചെയ്തു. ക്ഷേമനിധി ബോർഡ് അംഗം പി.ഐ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗം എൻ. സജീവൻ, മത്സ്യതൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു. ജില്ല സെക്രട്ടറി സി. ഷാംജി, പഞ്ചായത്തംഗം നിജ, ഫിഷറീസ് ഓഫീസർ പി. രാധാകൃഷ്ണൻ, ഫിഷറീസ് റീജിയണൽ എക്സിക്യൂട്ടീവ് എം.എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.
താൽക്കാലിക ഒഴിവ്
ചെങ്ങന്നൂർ: മുളക്കുഴ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വി.എച്ച് എസ്.സി.വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്'.യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഞ്ചിന് രാവിലെ 10 നു ഓഫീസിൽ ഹാജരാകണം.
- Log in to post comments