ചിത്രവണ്ടി യാത്ര തുടങ്ങി
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സമഗ്രശിക്ഷ കേരളത്തിന്റെ 'ചിത്രവണ്ടി' പ്രയാണമാരംഭിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉദ്ഘാടനം പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു.
കുട്ടികളിലെ ചിത്രകലാസ്വാദനം വര്‍ധിപ്പിക്കുക,ലോകോത്തര ചിത്രകാരന്‍മാരെയും ചിത്രങ്ങളെയും പരിചയപ്പെടുക,വിദ്യാലയങ്ങളില്‍ ആര്‍ട്ട് ഗാലറികള്‍ രൂപപ്പെടുത്തുക, ചിത്രകലയുടെ സാധ്യതകള്‍ കണ്ടെത്തുന്നതില്‍ മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമഗ്ര ശിക്ഷ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാലയങ്ങളിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂള്‍ കലോത്സവം മുതല്‍ സംസ്ഥാന കലോത്സവം വരെ ചിത്രരചനകളില്‍ മത്സരിച്ച് പ്രതിഭ തെളിയിച്ചവരുടെ മികച്ച സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കുട്ടികളെ ആദരിക്കുന്നതിനും കുട്ടികള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ കഴിവു തെളിയിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
പെന്‍സില്‍ ഡ്രോയിങ്, എണ്ണഛായം, വാട്ടര്‍ കളര്‍, അക്രിലിക്, സ്‌കെച്ച്, കാര്‍ട്ടൂണ്‍, കൊളാഷ്, രേഖാചിത്രങ്ങള്‍, പോര്‍ട്രൈയ്റ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. കൂടാതെ ക്ലാസിക് പെയ്ന്റിങുകള്‍, ഉത്തരാധുനികചിത്രകലയുടെ വൈവിധ്യങ്ങള്‍, ലോകപ്രശസ്തരായ ചിത്രകലാകാരന്‍മാര്‍, ഇന്ത്യന്‍-കേരളീയ ചിത്രകലാ പാരമ്പര്യം, മ്യൂറല്‍ പെയ്ന്റിങ്, കളം പാട്ട്‌വരെയുള്ള സാംസ്‌കാരിക തനതുരൂപങ്ങള്‍, ഗ്ലാസ് പെയ്ന്റിങ്, ഫാബ്രിക് പെയ്ന്റിങ് തുടങ്ങിയ ചിത്രകലാരംഗത്തെ വ്യത്യസ്തങ്ങളായ സാധ്യതകളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തും.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി. സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സലീന, പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മാനത്തൊടി, സമഗ്ര ശിക്ഷ കേരള പ്രൊജക്ട് ഡയറക്ടര്‍ എപി കുട്ടികൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ സി രാധകൃഷ്ണന്‍ നായര്‍, പ്രൊജക്ട് ഓഫീസര്‍ എന്‍ നാസര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പികെ അബ്ദുല്‍ ഗഫൂര്‍, എഇഒ മാരായ മുഹമ്മദ് ഇഖ്ബാല്‍ , പി ഹുസൈന്‍, ടിവി മോഹനകൃഷ്ണന്‍, ടോമി മാത്യു, മോഹന്‍രാജ്, പ്രിന്‍സിപ്പല്‍ കെവി വേണുഗോപാലന്‍, പ്രധാനധ്യാപിക ഇ സുബൈദ, സ്‌കൂള്‍ വെല്‍ഫയര്‍ കണ്‍വീനര്‍ വിപി സലീം, ഏലംകോട് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments