Skip to main content

രാമന്തളി പി.എച്ച്.സിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

 

രാമന്തളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ഫിഷറീസ് വകുപ്പ്  തീരദേശ വികസന കോർപ്പറേഷൻ മുഖേന നിർമ്മിച്ചു നൽകിയ പുതിയ കെട്ടിടം സി കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. രാമന്തളി ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന തീരദേശ റോഡ് മൂന്നു വർഷത്തിനകം വരുമെന്ന് എം എൽ എ അറിയിച്ചു. കോവളം മുതൽ കാസർകോട് വരെയുള്ള ജലപാത രാമന്തളി പുഴയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.61 ലക്ഷം രൂപ വകയിരുത്തിയാണ് രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി കെട്ടിടം നിർമ്മിച്ചത്. 24 മണിക്കൂറും ചികിത്സ ലഭ്യമാക്കുന്ന തരത്തിൽ അത്യാധുനിക സംവിധാനത്തോടുകൂടിയാണ് പി.എച്ച്.സി പ്രവർത്തിക്കുക.

രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ അജിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ബിന്ദു നീലകണ്ഠൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ വത്സല, സ്ഥിരം സമിതി അധ്യക്ഷരായ പരത്തി ദാമോദരൻ, ടി ജനാർദ്ദനൻ, എൻ പി ഹസീന, വാർഡ് മെമ്പർ കെ പി രാജേന്ദ്ര കുമാർ, സെക്രട്ടറി സി എം ഹരിദാസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ശ്രീകണ്ഠൻ, തീരദേശ വികസന കോർപറേഷൻ അസി. എഞ്ചിനീയർ ബി നിതിൻ, കക്ഷി നേതാക്കളായ കെ പി വി രാഘവൻ, എം സുധാകരൻ, പി എം ലത്തീഫ്, പി പി അശോകൻ, പരത്തി ഗോവിന്ദൻ, ലിന്നി ജോയ് എന്നിവർ സംസാരിച്ചു.

 

date