കാരുണ്യ ഫണ്ട്: ജില്ലയിൽ കഴിഞ്ഞ മാസം വിതരണം ചെയ്തത് 4.36 കോടി
ആലപ്പുഴ: ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് ഫെബ്രുവരി മാസത്തിൽ 4.36 കോടി രൂപയുടെ ചികിത്സ സഹായം വിതരണം ചെയ്തു.
332 അപേക്ഷകർക്ക് 4,36,38,490 രൂപയുടെ ചികിത്സ സഹായമാണ് വിതരണം ചെയ്തത്. ഇതിൽ 139 കാൻസർ രോഗികളും 138 ഹൃദയ സംബന്ധമായ അസുഖമുള്ളവരും 39 വൃക്ക രോഗികളും 16 ന്യൂറോ സംബന്ധമായ അസുഖമുള്ളവരും ഉൾപ്പെടുന്നു. ഇതോടെ 2017 ജനുവരി മുതൽ 2019 ഫെബ്രുവരി വരെ 7097 അപേക്ഷകളിലായി 95,62,50,552 രൂപയുടെ ചികിത്സാ സഹായം നൽകുകയുണ്ടായി. മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് മൂന്ന് ലക്ഷം രൂപയും കാൻസർ, കരൾ, തലച്ചോർ സംബന്ധമായ അസുഖങ്ങൾക്ക് രണ്ട് ലക്ഷം രൂപയും കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് ചികിത്സാ സഹായം ലഭിക്കും. ഹീമോഫീലിയ രോഗികൾക്ക് വരുമാന പരിധി നോക്കാതെ ചികിത്സ ചെലവ് പൂർണ്ണമായും കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്നും ലഭിക്കും. എ.ഡി.എം അബ്ദുൽ സലാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന കാരുണ്യ ബനവലന്റ് ഫണ്ട് ജില്ലാതല കമ്മറ്റിയിൽ കാരുണ്യബനവലന്റ് ഫണ്ട് ജില്ലാ കൺവീനർ ആർ. അനിൽകുമാർ, ഡോ. സിദ്ധാർത്ഥൻ (സൂപ്രണ്ട് ഇൻ-ചാർജ്ജ്), മെഡിക്കൽ കോളേജ് ആർ.എം.ഓ ഡോ. നോനാം ചെല്ലപ്പൻ എന്നിവർ പങ്കെടുത്തു.
- Log in to post comments