ഹരിതകേരളം മിഷൻ: അയൽക്കൂട്ട ജലസഭകൾ സംഘടിപ്പിക്കുന്നു
വരൾച്ച അതിരൂക്ഷമായ സാഹചര്യത്തിൽ ജലസംരക്ഷണവും ജലമിതവ്യയവും നടപ്പാക്കുന്നതിനായി ഹരിതകേരളം മിഷൻ കുടുംബശ്രീയുമായി ചേർന്ന് മാർച്ച് 22 ജലദിനം മുതൽ മൂന്ന് ദിവസങ്ങളിലായി 2.75 ലക്ഷം അയൽക്കൂട്ടങ്ങളിൽ ജലമാണ് ജീവൻ അയൽക്കൂട്ട ജലസഭ സംഘടിപ്പിക്കും. ഓരോ വീട്ടിലും വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തും. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ കുളങ്ങൾ, കിണറുകൾ മറ്റ് ജലസ്രോതസ്സുകൾ എന്നിവ വൃത്തിയാക്കും. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളിൽ മറ്റ് വീടുകളിൽ നിന്നും വെള്ളം ലഭ്യമാക്കുന്ന പ്രവർത്തനം നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാക്കുന്ന കുടിവെള്ളം എല്ലാവർക്കും ലഭിക്കുന്ന തരത്തിൽ വിതരണം കാര്യക്ഷമമാക്കുന്നതിനും സംവിധാനമുണ്ടാക്കും. ഇതിനായി ഹരിതകേരളം മിഷൻ പ്രസിദ്ധീകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കുടുംബശ്രീ പ്രവർത്തകർ എല്ലാ വീടുകളിലും എത്തിക്കുകയും പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഹരിതകേരളം മിഷൻ അറിയിച്ചു.
പി.എൻ.എക്സ്. 898/19
- Log in to post comments