Skip to main content

വിവിധോദ്ദേശ്യ ചുഴലിക്കൊടുങ്കാറ്റ് അഭയകേന്ദ്രം നിർമ്മാണോദ്ഘാടനം 9 ന്

 

സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിർമ്മിക്കുന്ന വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രനിർമ്മാണങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ കണ്ണൂർ കതിരൂർ പൊന്ന്യം സ്രാമ്പിക്കടുത്തുളള പദ്ധതി പ്രദേശത്തു ഒൻപതിന് ഉച്ചയ്ക്ക് ഒരു മണിക്ക് നിർവഹിക്കും. എ.എൻ.ഷംസീർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി.മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.ശ്രീമതി ടീച്ചർ, പ്രൊഫ. റിച്ചാർഡ് ഹേ, കെ.കെ.രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി എന്നിവർ പങ്കെടുക്കും. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 167.48 കോടി രൂപയുടെ ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യത ലഘൂകരണ പദ്ധതി (എൻ.സി.ആർ.എം.പി)യുടെ ഭാഗമായാണ് അഭയകേന്ദ്രങ്ങൾ നിർമ്മിക്കുന്നത്. ലോകബാങ്കിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചു ഏകദേശം 1000 ചതുരശ്രമീറ്ററിൽ മൂന്നു നിലകളിലായി പണിയുന്ന കെട്ടിടത്തിൽ കുടിവെളള സൗകര്യങ്ങൾ, മതിയായ ശൗചാലയങ്ങൾ, പ്രഥശുശ്രൂഷസൗകര്യങ്ങൾ തുടങ്ങിയവ ഉണ്ടാവും. ദരുന്തകാലത്ത് അഭയകേന്ദ്രമായും അല്ലാത്ത സമയങ്ങളിൽ പ്രദേശത്തെ മറ്റാവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ഉപയോഗിക്കാനാവും വിധമാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ തുടർപരിപാലനത്തിനു പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ അഭയകേന്ദ്ര പരിപാലനകമ്മിറ്റി രൂപവത്കരിക്കും. സംസ്ഥാനത്തെ എട്ട് തീരദേശജില്ലകളിൽ 17 ഇടങ്ങളിലായി വിവിധോദ്ദേശ്യ അഭയകേന്ദ്രങ്ങൾ നിർമ്മിക്കും. നിലവിലുളള മുന്നറിയിപ്പ് സംവിധാനങ്ങളുടെ ശാക്തീകരണം, സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരെ ദുരന്തമുഖത്ത് കാര്യക്ഷമമായി നേരിടാൻ ഉതകും വിധം അവരുടെ കാര്യശേഷി വർധിപ്പിക്കാൻ വിവിധങ്ങളായ പരിശീലന സംഘടിപ്പിക്കുക എന്നിവ പദ്ധതിയുടെ മറ്റു ഘടകങ്ങളാണ്.

പി.എൻ.എക്സ്. 918/19

date