Skip to main content
ഇടുക്കി താലൂക്ക് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം  കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കുന്നു.

ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം  മന്ത്രി പി. തിലോത്തമന്‍

 

ഉപഭോക്താവിന്റെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തപ്പെട്ട ജോലിയാണ് ലീഗല്‍ മെട്രോളജി വകുപ്പ് നിര്‍വ്വഹിക്കുന്നതെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി.തിലോത്തമന്‍. ഇടുക്കി താലൂക്ക് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം  കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിയോര കച്ചവടം മുതല്‍ എയര്‍പോര്‍ട്ടിനുള്ളില്‍ വരെ പരിശോധന നടത്താന്‍  ലീഗല്‍ മെട്രോളജി വകുപ്പിന് അധികാരമുണ്ട്.  ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ എല്ലാ അവകാശങ്ങളും ഉറപ്പാക്കുവാന്‍ സേവന, വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച്  അവര്‍ കൃത്യതയോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന നിരീക്ഷണമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്.

 

  ലീഗല്‍ മെട്രോളജി വകുപ്പും പൊതുവിതരണ സംവിധാനവും ശക്തിപ്പെട്ടതോടെ വിപണിയിലെ  വിലക്കയറ്റം തടയാന്‍ സാധിച്ചു. അളവ്, തൂക്ക ഉപകരണങ്ങള്‍ കൃത്യമായി പതിക്കാത്തത് കുറ്റകരമാണ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍, പെട്രോള്‍, ഡീസല്‍, പാചക വാതകം അളവുകള്‍ , സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി, ആശുപത്രികളിലെ വെയിംഗ് മെഷീന്‍, ഓട്ടോറിക്ഷാ മീറ്ററുകള്‍ തുടങ്ങിയവയെല്ലാം കൃത്യത പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ലീഗല്‍ മെട്രോളജി വകുപ്പിന്റെ ചുമതലയാണ്. ഇത്തരത്തില്‍ നാനാ മേഖലകളിലും വിവിധ തരത്തില്‍ ജനങ്ങളെ സേവിക്കാന്‍ ചുമതലപ്പെട്ട വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യാതിഥി ആയിരുന്നു.

 

പുതുതായി രൂപീകരിച്ച 14 താലൂക്കുകളിലും ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ആഫീസുകള്‍  സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടുക്കി താലൂക്കിലും കട്ടപ്പന - വെള്ളയാംകുടി റോഡില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് എതിര്‍വശത്ത് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.  ഇടുക്കി ഉടുമ്പന്‍ചോല താലൂക്കിന്റെ ഭാഗമായിരുന്നപ്പോള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസ് നെടുങ്കണ്ടത്തേക്ക് മാറ്റി . ഇതിന് പകരമായാണ് ഇടുക്കി താലൂക്കിന് അനുവദിച്ച ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഇവിടെ സജ്ജീകരിച്ചത്. യോഗത്തില്‍ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍.രാം മോഹന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജമ്മ രാജന്‍, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്, മനോജ് എം.തോമസ്, രമേഷ് പി.ആര്‍, തോമസ് മൈക്കിള്‍, ജിജി സാബു, തങ്കമണി രവി, വി.ആര്‍ ശശി, വി.ആര്‍. സജി, എം.കെ.തോമസ്, വി.വി. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

date