കുഞ്ഞുങ്ങള്‍ക്ക് സ്നേഹക്കൂടൊരുക്കാം
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനല്‍ അവധിക്കാലത്ത് സ്വന്തം ഭവനത്തില്‍ സംരക്ഷിച്ചു പോറ്റി വളര്‍ത്തുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും വെക്കേഷന് ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിക്കുന്നു.
ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന ചില കുട്ടികള്‍ക്കെങ്കിലും വേനലവധിക്ക് സ്വന്തം വീടുകളിലേക്ക് പോകുവാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അത്തരം കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം നല്‍കുക വഴി അവരില്‍ കൂടുതല്‍ സാമൂഹ്യബോധം ഉറപ്പാക്കുന്നതിന് സഹായിക്കും. പല കാരണങ്ങള്‍ കൊണ്ട് സാമൂഹിക ജീവിതം നഷ്ടപ്പെടുകയും ദീര്‍ഘകാലമായി ശിശു സംരക്ഷണ സ്ഥാപനങ്ങളിലും മറ്റും കഴിയുന്ന കുട്ടികള്‍ക്ക് കുടുംബ സാമൂഹ്യ ജീവിതം ലഭ്യമാക്കുന്നതിനാണ് പോറ്റി വളര്‍ത്തല്‍ പദ്ധതി. ഈ വേനലവധിക്ക് 0അവര്‍ക്കായി കുടുംബത്തിന്റെ സ്നേഹത്തണലൊരുക്കുവാന് കഴിയുന്നവരെ സ്വാഗതം ചെയ്യുകയാണ് ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും.
സ്വന്തം കുടുംബങ്ങളില്‍ വളരുവാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് ചെറിയ കാലത്തേക്കെങ്കിലും കുടുംബാന്തരീക്ഷം നല്‍കുന്നതിന് സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളില്ലാത്ത ദമ്പതിമാര്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണന. കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയുമുണ്ടാകും. താത്ക്കാലിക സംരക്ഷണ സംവിധാനമാണിത്. ഈ അവധിക്കാലത്ത് കുട്ടികളെ സ്വീകരിക്കുവാന്‍ സന്നദ്ധതയും പ്രാപ്തിയുമുള്ള ദമ്പതികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. അപേക്ഷാഫോമിനും അനുബന്ധ വിവരങ്ങള്‍ക്കും നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാം വിലാസം. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, വെങ്ങല്ലൂര്‍ പി.ഒ, ഇടുക്കി, തൊടുപുഴ - 685608, ഫോണ്‍- 04862200108, 9744167198.
- Log in to post comments