Skip to main content

മേലാറ്റൂരില്‍ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു

 

മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് സ്മാരക ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ്  സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ നാടിന് സമര്‍പ്പിച്ചു.  നിലവിലുണ്ടായിരുന്ന ഷോപ്പിങ് കോംപ്ലക്‌സിന്റെ പിന്‍വശത്തെ കംഫര്‍ട്ട് സ്റ്റേഷനും ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിച്ചാണ് പുതിയ മൂന്ന് നില കെട്ടിടവും ബസ് സ്റ്റാന്‍ഡും പണിഞ്ഞത്. 7.43 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  വിശാലമായ 69 കടമുറികളും പഞ്ചായത്ത് ഓഫീസിന് വേണ്ടി 15 മുറികളും അടങ്ങുന്നതാണ്  കെട്ടിട സമുച്ചയം.  താഴത്തെ നിലയോട് ചേര്‍ന്നാണ് ബസ് ടെര്‍മിനല്‍. 15 ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനാകും. മേലാറ്റൂര്‍ നിവാസികളുടെ നാല്‍പ്പത് കൊല്ലമായുള്ള   വികസന സ്വപനത്തിനാണ് ഇതോടെ     സാക്ഷാത്ക്കാരമായത്.    'ലഹരി വിമുക്ത ഗ്രാമം' പദ്ധതിയുടെ രണ്ടാം ഘട്ട സന്ദേശ കൈമാറ്റവും സ്പീക്കര്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു.  

ബസ് ടെര്‍മിനലിന്റെയും 'യുവാവീവ്' പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ .കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മഞ്ഞളാം കുഴി അലി എം.എല്‍.എ അധ്യക്ഷനായി. മാലിന്യ വിമുക്ത ഗ്രാമം 'മാവിഗ' പദ്ധതിയുടെ ലോഗോ പ്രകാശനം  പെരിന്തല്‍മണ്ണ  നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം നിര്‍വഹിച്ചു.  ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ഘോഷയാത്രയും നടന്നു.

പഞ്ചായത്ത് പ്രസിഡന്റ് വി. കമലം, വി. സുധാകരന്‍, വി.രമേശന്‍, ബി.ഹരികുമാര്‍, ടി. അബ്ദുല്‍ വഹാബ,് കെ.കെ സിദ്ദീഖ്, കെ .സുഗുണ പ്രകാശ്, എ.പി സൈനബ, അജിത് പ്രസാദ്, രുഗ്മിണി മാധവന്‍, എസ് രാജേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date