Skip to main content

ക്ഷീരവികസന പദ്ധതികള്‍-സമഗ്ര അവലോകനം മാര്‍ച്ച് അഞ്ചിന്

 

ക്ഷീരവികസന വകുപ്പ് 2018-19 വര്‍ഷത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും വികസനപ്രവര്‍ത്തനങ്ങളുടെയും സമഗ്ര അവലോകനം മാര്‍ച്ച് അഞ്ചിന് എടപ്പാള്‍ മോഡേണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പരിപാടിയുടെ  പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ വൈകീട്ട് മൂന്നിന് നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാവും. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.പാലിന്റെ സ്വയം പര്യാപ്തതയിലൂടെ ക്ഷീരകര്‍ഷകരുടെ സാമൂഹ്യനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയില്‍ ഭാവിയിലെ ക്ഷീരവികസന പദ്ധതികള്‍ ആസൂത്രണം ചെയ്യും.

പരിപാടിയുടെ രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് കറവപ്പശുക്കളും പോഷകാഹാരവും -ശാസ്ത്രീയ തീറ്റക്രമത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ കേരള ഫീഡ്‌സ് ലിമിറ്റഡ്  അസി.മാനേജര്‍ ഡോ. കെ.എസ് അനുരാജ്  സെമിനാര്‍ അവതരിപ്പിക്കും. ക്ഷീരഗ്രാമം  പദ്ധതി ധനസഹായ വിതരണം അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എയും ക്ഷീരഗ്രാമം ക്ഷേമനിധി ധനസഹായവിതരണം ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് അഡ്വ.എന്‍ രാജനും നിര്‍വഹിക്കും. പരിപാടിയില്‍ എസ്.സി.എ ടു എസ്.സി.പി ധനസഹായവും, പ്രളയ ദുരിതാശ്വാസ സഹായവും പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും. എം.എസ്.എസ്.സി.പി പദ്ധതി ധനസഹായവിതരണവും പരിപാടിയില്‍ നിര്‍വഹിക്കും. പരിപാടിയില്‍ പാലുല്പന്നങ്ങള്‍, പാല്‍ പരിശോധന ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം സംഘടിപ്പിക്കും.

 

date