Skip to main content

പുല്‍പ്പറ്റ വില്ലേജില്‍ പൊതുസ്ഥലം കൈയേറി ആരാധനാലയം നിര്‍മിക്കുന്നു-അഴിമതി നിവാരണ സമിതി റിപ്പോര്‍ട്ട് തേടി ലഭിച്ചത് ഒന്‍പത് പരാതികള്‍

പുല്‍പ്പറ്റ വില്ലേജിലെ പൊതുസ്ഥലം കൈയേറി ആരാധാനലയം നിര്‍മിക്കുന്നു എന്ന പരാതിയില്‍ ഏറനാട് താഹസില്‍ദാറിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാതല അഴിമതി നിവാരണ സമിതി ആവശ്യപ്പെട്ടു. ജില്ലാതല അഴിമതി നിവാരണ സമിതി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ പുല്‍പ്പറ്റ വില്ലേജിലെ   ഒളമതില്‍ രണ്ടത്താണി നിവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് തീരുമാനം.
 പരാതിപ്പെട്ടിയില്‍ ഒന്‍പത് പരാതികളാണ് ലഭിച്ചത്. മുഴുവന്‍ പരാതികളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അതത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ദേശീയപാതയിലെ അനധികൃത കയ്യേറ്റം സംബന്ധിച്ചുള്ള പരാതിയില്‍ അന്വേഷണത്തിനും തുടര്‍നടപടി കള്‍ക്കും റിപ്പോര്‍ട്ടിനുമായി മലപ്പുറം ദേശീയ പാതാ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക്  കൈമാറി. ചട്ടിപ്പറമ്പ് പെരിന്തല്‍മണ്ണ റോഡിലെ അനധികൃത തെരുവ് കച്ചവടത്തെക്കുറിച്ച് ചട്ടിപ്പറമ്പ് പൗര സമിതി നല്‍കിയ പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അഴിമതി നിവാരണ സമിതി കുറുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട്  ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസില്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിലും പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നതിന് നഷ്ടപരിഹാരം  ആവശ്യപ്പെട്ട് കൊണ്ടുള്ള പരാതിയിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഏറനാട് തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടി. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറിയ്‌ക്കെതിരെയും പരാതി ലഭിച്ചു. പരാതിയില്‍ തുടര്‍ അന്വേഷണത്തിനായി ജിയോളജിസ്റ്റിനെയും  പെരിന്തല്‍മണ്ണ തഹസില്‍ദാരെയും ചുമതലപ്പെടുത്തി.
മുന്‍ യോഗത്തില്‍ പരിഗണിച്ച പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കി. വാഴക്കാട് വില്ലേജില്‍ ഭൂനികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്.  മഞ്ചേരി തുറയ്ക്കല്‍- മലപ്പുറം റോഡില്‍ ബൈപ്പാസ് റോഡ് സൈഡിന് ഇരുവശവും മഴക്കാലത്ത്  വെള്ളം കെട്ടിനില്‍ക്കുന്നു എന്ന പരാതിയില്‍ നടപടി സംബന്ധിച്ച്  റിപ്പോര്‍ട്ട് നല്‍കാന്‍ മഞ്ചേരി നഗരസഭയ്ക്ക്  സമിതി നിര്‍ദേശം നല്‍കി.
യോഗത്തില്‍ റിട്ട.ജില്ലാ ജഡ്ജ്പി.നാരായണന്‍കുട്ടി മേനോന്‍, പ്രൊഫ. പി. ഗൗരി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.സെയ്യിദ് അലി, ജൂനിയര്‍ സൂപ്രണ്ട് സി.ജി സാനു എന്നിവര്‍ പങ്കെടുത്തു.

 

date