Skip to main content

വനിതാഡ്രൈവര്‍മാരുടെ കാഴ്ച പരിശോധന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി

ലോക വനിതാദിനത്തിനോടനുബന്ധിച്ച്  വാഹനം ഓടിക്കുന്ന വനിതാ ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക കണ്ണു പരിശോധന ക്യാമ്പിന ജില്ലയില്‍് തുടക്കമായി. ഈ വര്‍ഷത്തെ വനിതാദിനം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിതാ വാരാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്  വനിതാ ഡ്രൈവര്‍മാര്‍ക്ക്  കാഴ്ച പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പൂക്കോട്ടൂര്‍ അത്താണിക്കല്‍ എം.ഐ.സി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണത്തോടൊപ്പം സുരക്ഷക്കും മുന്തിയ പരിഗണന നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍ അധ്യക്ഷയായി. ആര്‍.ടി.ഒ അനൂപ് വര്‍ക്കി മുഖ്യ പ്രഭാഷണം നടത്തി. മഞ്ചേരി മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റിലെ ഡോ. സി.കെ സ്മിത ക്ലാസ്സെടുത്തു. ക്യാമ്പില്‍ 47 വനിതാ ഡ്രൈവര്‍മാര്‍ക്ക് കാഴ്ച്ച പരിശോധന നടത്തുകയും  21 പേര്‍ക്ക് കാഴ്ച്ച കുറവു കണ്ടുപിടിച്ച് കണ്ണട കുറിച്ചു നല്‍കുകയും ചെയ്തു. ആരോഗ്യവകുപ്പ്, പോലീസ്, ട്രാന്‍സ്പോര്‍ട്ട് വകുപ്പുകള്‍ സംയുക്തമായി പൂക്കോട്ടൂര്‍ സി.എച്ച്.സി, ഫ്രണ്ട്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ് അത്താണിക്കല്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വാരാചരണത്തിന്റെ ജില്ലാതല സമാപനം മാര്‍ച്ച് എട്ടിന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തും. മാര്‍ച്ച് രണ്ടിന് തിരൂര്‍ പൂക്കയില്‍ സബ്സെന്ററിലും അഞ്ചിന് പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാഴ്ച്ച പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.വി പ്രകാശ്, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മന്നെത്തൊടി, ജില്ലാ ഒഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ റാജിലാബീവി,  ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, അസി.ലെപ്രസി ഓഫീസര്‍ എം.അബ്ദുള്‍ ഹമീദ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമ്മര്‍ പള്ളിയാളി,  ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.എച്ച്.ഖാലിദ്., എം.ഐ.സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.ഐ ഇസ്മായില്‍, മാനേജര്‍ കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍  പരിപാടിയില്‍ സംസാരിച്ചു.

 

date