ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യ ബോര്‍ഡുകള്‍ 48 മണിക്കൂറിനകം നീക്കം ചെയ്യണം- ജില്ലാ കലക്ടര്‍
ഭാരതീയ തെരഞ്ഞെടുപ്പ് കമ്മീഷന് 2019 ലെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ പരസ്യ പ്രചാരണ മാര്‍ഗ്ഗങ്ങള്‍ 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ബസ് സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്, റെയില്‍വെ മേല്‍പ്പാലം, മറ്റു മേല്‍പ്പാലങ്ങള്‍, ഹൈവേകള്‍, റോഡുകള്‍, പാലം, കലുങ്ക്, ടെലിഫോണ്‍/ വൈദ്യുതി പോസ്റ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലുള്ള ചുവരെഴുത്തുകള്‍, കട്ട്-ഔട്ടുകള്‍, ബോര്‍ഡ്, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യേണ്ടതാണ്. എല്ലാ മുനിസിപ്പല്‍, പഞ്ചായത്ത് സെക്രട്ടറിമാരും അവരുടെ അധികാര പരിധിയില്‍ വരുന്ന പൊതുസ്ഥലത്തെ എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും നീക്കം ചെയ്ത വിവരം ഇ-മെയില്‍ മുഖേനയും കത്ത് മുഖേനയും ഇന്ന് (മാര്‍ച്ച് 12) ന് വൈകിട്ട് ആറിന് മുമ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ മുമ്പാകെ അറിയിക്കണം.
- Log in to post comments