Skip to main content

ചരിത്രം പ്രതിഫലിപ്പിച്ച് 'ഗ്രാമിക' പ്രദര്‍ശനം

 

പഴയ തലമുറ മറന്നു തുടങ്ങിയതും പുതുതലമുറയ്ക്ക് പുതുമയുള്ളതുമായ നമ്മുടെ നാടിന്‍റെ തനത് സംസ്ക്കാരത്തിന്‍റെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിച്ച 'ഗ്രാമിക'- 2019  സമാപിച്ചു. കോങ്ങാട് ഗവ.യു.പി സ്കൂളില്‍ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും കൂട്ടായ ശ്രമത്തില്‍ സംഘടിപ്പിച്ച 'ഗ്രാമിക' പ്രദര്‍ശനത്തില്‍ ഒരു കാലത്ത് ഏറെ ഉപയോഗിക്കുകയും പിന്നീട് അന്യംനിന്നു പോവുകയും ചെയ്ത നൂറോളം പരമ്പരാഗത വസ്തുക്കളാണ് പ്രദര്‍ശിപ്പിച്ചത് .
1825 -ല്‍ ഫ്രാന്‍സില്‍ നിര്‍മിച്ച മൈക്രോസ്കോപ്പ് മുതല്‍ ഡ്രില്ലിംഗ് മെഷീന്‍റെ പഴയ കാല ഉപകരണമായ ആക്ര വരെയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ശേഖരിച്ച വസ്തുക്കളാണിവ. കല്ലുവഴി അജിത്ത് എന്ന കര്‍ഷകന്‍ സ്വന്തമായി നിര്‍മിച്ച ലളിതമായ കാര്‍ഷിക ഉപകരണങ്ങളും അദ്ദേഹത്തിന്‍റെ ശേഖരത്തിലുള്ള ഇരുന്നു കയറാവുന്ന ആദ്യക്കാല തെങ്ങുകയറ്റ യന്ത്രമടക്കം നിരവധി പുരാവസ്തുക്കള്‍ പ്രദര്‍ശനത്തിന് മാറ്റുകൂട്ടി. 
വൈക്കം മുഹമ്മദ് ബഷീറിന്‍റെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത 1994 ജൂലൈ ആറിലെ പത്രം, സംഗീതത്തില്‍ വളരെ വിരളമായി മാത്രം ഉപയോഗിക്കുന്ന മുഖര്‍ ശംഖ് തുടങ്ങി ചരിത്രം മുന്നേറിയ വഴിത്താരകളുടെ ഒരു നേര്‍ക്കാഴ്ചയായി 'ഗ്രാമിക' പ്രദര്‍ശനം.
സാങ്കേതിക വിദ്യകള്‍ ഏറെ വികാസം പ്രാപിക്കാതിരുന്ന കാലത്ത് മനുഷ്യാധ്വാനം കുറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് അത്ഭുതമായി മാറുകയാണ്. കാലത്തിന്‍റെ മാറ്റത്തിനൊപ്പം മാറിയ ഉപകരണങ്ങള്‍, ജീവിതരീതികള്‍, കല എന്നിവ കണ്ടറിയുന്നതിനുമായി ഒരുക്കിയ 'ഗ്രാമിക' പ്രദര്‍ശനം പഴയ കാലത്തേക്കുള്ള തിരിഞ്ഞുനോട്ടമായി.

date