Skip to main content

ലോകസഭ തെരഞ്ഞെടുപ്പ് -ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി

ലോകസഭ തെരെഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണത്തിനു പുറമെ വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്ന നടപടികളും വിവിധ സ്‌ക്വാഡുകള്‍ നിരീക്ഷണ വിധേയമാക്കും. വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തിയോ പണം നല്‍കിയോ ഉപഹാരങ്ങള്‍, സൗജന്യ മദ്യം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്തോ സ്വാധീനിക്കുന്നത് തടയാന്‍ ഫ്‌ളയിങ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നിരീക്ഷണം നടക്കും. കൂടാതെ തെരഞ്ഞെടുപ്പിന്റെ സുതാര്യതയും മറ്റ് നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമിതമായ പ്രചരണ ചെലവുകള്‍, നിയമവിരുദ്ധമായുള്ള ആയുധങ്ങളുടെ ഉപയോഗം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഫ്‌ളയിങ് സ്‌ക്വാഡ് സംഘം സൂക്ഷ്മമായി നിരീക്ഷിക്കും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലായി 48 ഫ്‌ളയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം സ്‌ക്വാഡുകളാണുള്ളത്. ഓരോ സ്‌ക്വാഡിലും ഓഫീസറെ കൂടാതെ രണ്ട് ജീവനക്കാര്‍ പോലീസുകാര്‍ സ്‌ക്വാഡിന്റെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളുടെയും വീഡിയോ എടുക്കുന്നതിനായി വീഡിയോഗ്രാഫര്‍ എന്നിവരാണുണ്ടാവുക.
വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ ബോര്‍ഡുകള്‍ മറ്റ് പ്രചാരണ വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി രണ്ട് വീതം ഉദ്യോഗസ്ഥര്‍ പോലീസുകാര്‍ ഒരു വീഡിയോഗ്രാഫര്‍ എന്നിങ്ങനെ അടങ്ങിയ ആന്റി ഡിഫെയ്സ്മെന്റ് ടീമിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു.  രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളോട് നിര്‍ദ്ദേശം നല്‍കിയതിന് ശേഷവും നീക്കം ചെയ്യാത്ത ബോര്‍ഡുകള്‍ ഫ്ളക്സുകള്‍ എന്നിവയാണ് സ്‌ക്വാഡുകള്‍ നേരിട്ട് നീക്കം ചെയ്യുക. ഇതിനായി ചെലവാകുന്ന തുക സ്ഥാനാര്‍ത്ഥിയുടെ ചെലവായി കണക്കാക്കുകയും ചെയ്യും.  രണ്ടു സ്‌ക്വാഡുകളുടെയും നോഡല്‍ ഓഫീസര്‍ എ.ഡി.എം ടി.വിജയനാണ്.

 

date