ലോക ഉപഭോക്തൃ അവകാശ ദിനാചരണം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ലീഗല്‍ മെട്രോളജി വകുപ്പ് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാറിന്റെയും ബോധവല്‍ക്കരണ ക്ലാസിന്റെയും ഉദ്ഘാടനം ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍വഹിച്ചു. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ പി ശ്രീനിവാസ അധ്യക്ഷത വഹിച്ചു.
'ട്രസ്റ്റഡ് സ്മാര്‍ട്ട് പ്രോഡക്ട്' എന്ന വിഷയം മുന്‍ നിര്‍ത്തി മാര്‍ച്ച് 15 ലോക ഉപഭോക്തൃ അവകാശ ദിനമായി ആചരിക്കുമ്പോള്‍ ഉപഭോഗ്താക്കള്‍ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭിക്കാനുള്ള നല്ല നാളേക്കുള്ള കാല്‍വെപ്പാണെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. നാം സ്ഥിരമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാന്‍ കഴിയണം. പ്രബുദ്ധരായി പ്രവര്‍ത്തിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കണം. ഉല്‍പാദന, വിതരണ, വിപണന ഉപഭോഗ പ്രക്രിയകളെല്ലാം സുതാര്യമായിരിക്കണമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.
ഉപഭോക്തൃ സംരക്ഷണത്തെ കുറിച്ച് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മെമ്പര്‍ രാധാകൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭഷണം നടത്തി. വ്യവസായ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെയും പദ്ധതികളെയും കുറിച്ച് കാഞ്ഞങ്ങാട് വ്യവസായ വികസന ഓഫീസര്‍ എന്‍ അശോക് പ്രഭാഷണം നടത്തി.
ലീഗല്‍ മെട്രോളജിയുടെ ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് ലീഗല്‍ മെട്രോളജി ഐടി മാനേജര്‍ രാജേഷും ലീഗല്‍ മെട്രോളജി നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് വെള്ളരിക്കുണ്ട് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ എം രതീഷും ബോധവത്കരണ ക്ലാസ് എടുത്തു. അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ.ശാരിക, മഞ്ചേശ്വരം ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കെ. ശശികല, ലീഗല്‍ മെട്രോളജി ക്ലര്‍ക്ക് പി പി ലീലേഷ് സംസാരിച്ചു.
- Log in to post comments