Skip to main content

ഹരിത പെരുമാറ്റചട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥികള്‍

 

ശുചിത്വ - ഹരിതകേരളം മിഷനുകളും, മലപ്പുറം ഗവ. കോളേജ് എന്‍.എസ്.എസ് യൂനിറ്റും സംയുക്തമായി കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഹരിത പെരുമാറ്റചട്ട ക്യാമ്പയിന് ഐക്യദാര്‍ഢ്യവുമായി സ്ഥാനാര്‍ത്ഥികളെത്തി. 'ഫ്‌ളക്‌സിലൂന്നിയുള്ള പ്രചാരണം ഒഴിവാക്കാം, പരിസ്ഥിതി സൗഹൃദ പ്രചാരണം ശീലിക്കാം, വരും തലമുറയുടെ കാവലാളാവാം' എന്ന പേരില്‍ സംഘടിപ്പിച്ച കൈയൊപ്പ് ക്യാമ്പയിനിലാണ്   ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അന്‍വര്‍, വി.പി സാനു, മജീദ് ഫൈസി തുടങ്ങിയ സ്ഥാനാര്‍ത്ഥികളും മറ്റു പൗര പ്രമുഖരും പങ്കാളികളായത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ പ്രചാരണത്തില്‍ പരമാവധി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥികള്‍ അറിയിച്ചു. പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ കൈയൊപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു.

ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ.ജ്യോതിഷ്, ജില്ലാ ശുചിത്വ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ഇ. കമറുദ്ദീന്‍, ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ്  കെ.വിനീത്, ക്ലീന്‍ കേരള കമ്പനി അസി. മാനേജര്‍ കെ. മുജീബ്,  ജനകീയാസൂത്രണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ. ശ്രീധരന്‍,  എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മൊയ്തീന്‍കുട്ടി കല്ലറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

date