മഴക്കാല പൂര്‍വ ശുചീകരണത്തിന് ജില്ലയൊരുങ്ങി വന്‍ജനപങ്കാളിത്തത്തോടെ 11,12 നും ശുചീകരണം
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിലെ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ ജില്ലാഭരണകൂടം കര്‍മ പദ്ധതി തയ്യാറാക്കി. മെയ് 11 ന് പൊതു ഇടങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കാനും 12 ന് വീടുകളും കടകളും വൃത്തിയാക്കാനും ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള 50,000 തൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി ബഹുജന പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ 10 വരെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക.
പാതകള്‍, ഓടകള്‍, ചന്തകള്‍, ജലാശയങ്ങള്‍ തുടങ്ങി സമഗ്രമായ ശുചീകരണമാണ് ജില്ലാഭരണകൂടം ലക്ഷ്യമിടുന്നത്. തടയണകള്‍ വൃത്തിയാക്കാന്‍ ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ സന്നദ്ധതയറിയിച്ചു. മെയ് 11 ന് സ്കൂളുകള്‍ വൃത്തിയാക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും സന്നദ്ധരാകും. പൊതു ഇടങ്ങള്‍ വൃത്തിയാക്കാന്‍ വിദ്യാര്‍ഥികളെ ഉപയോഗിക്കരുതെന്നും വിദ്യാര്‍ഥികള്‍ സ്കൂളുകള്‍ മാത്രം വൃത്തിയാക്കിയാല്‍ മതിയെന്നും കലക്ടര്‍ അറിയിച്ചു.
ഖര, ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കണം. പ്ലാസ്റ്റിക് സംസ്കരണത്തിന് ഷ്രെഡിങ് യൂനിറ്റുകളുടെ സഹായം തേടും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കും. യാതൊരു കാരണവശാലും മാലിന്യം കത്തിക്കുന്ന അവസ്ഥ ഉണ്ടാകരുത്. കൊതുകിന്റെ ലാര്‍വകള്‍ വളരാന്‍ സാഹചര്യമുള്ള വലിയ തോട്ടങ്ങള്‍ വൃത്തിയാക്കാന്‍ തോട്ടം ഉടമകളുടെ സഹായം തേടും. മഴക്കാലത്തിന് മുമ്പ് വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും പൂര്‍ണമായും ശുചീകരിച്ച് പകര്‍ച്ച വ്യാധികളില്‍ നിന്ന് മോചനം ഉറപ്പാക്കുക എന്നതാണ് ജില്ലാ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നത്.
- Log in to post comments