Skip to main content

തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിന്‍

 

ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വില്‍പനക്കുമെതിരെ  ശക്തമായ ചെറുത്ത് നില്‍പ്പിന് ഒരുങ്ങി കണ്ണൂര്‍ ജില്ല. ലഹരിയുടെ ഉപയോഗം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ആരംഭിക്കാന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ജില്ലാതല ജനകീയ കമ്മിറ്റി തീരുമാനിച്ചു. എഡിഎം ഇ മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത ലഹരി വിപണന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ലഹരിയുടെ ഉപയോഗം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ക്യാംപയിനും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. ഇതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തും.

ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ക്കായി പ്രത്യേകം ബോധവല്‍ക്കരണ ക്ലാസുകള്‍ ജൂണ്‍ 26 മുതല്‍ മെയ് 30 വരെ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിനകം വിമുക്തി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ  426 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ നാടകങ്ങള്‍, ക്ലാസുകള്‍, ഫ്ളാഷ് മോബ്, കിറ്റി ഷോ, കായികമത്സരങ്ങള്‍, തെരുവ് നാടകങ്ങള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയവ സംഘടിപ്പിച്ചു. 151 ലഹരി വിരുദ്ധ ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്.

ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നല്‍കി ജീവിതത്തിലേക്കും പൊതു സമൂഹത്തിലേക്കും തിരികെ കൊണ്ടുവരുന്നതിനായി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡി അഡിക്ഷന്‍ സെന്ററില്‍ കൗണ്‍സലിംഗ്, കിടത്തി ചികിത്സ തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ട്. ഇതു വരെ  ഒ പി വിഭാഗത്തില്‍ 258 പേര്‍ക്കും ഐ പി വിഭാഗത്തില്‍ 17 പേര്‍ക്കും ചികിത്സ നല്‍കിയിട്ടുണ്ട്. ഒരു മെഡിക്കല്‍ ഓഫീസറുടെയും ഒരു സൈക്യാട്രിസ്റ്റിന്റെയും സോഷ്യല്‍ വര്‍ക്കറുടെയും നാല് നഴ്സുമാരുടെയും സേവനം ഇവിടെ ലഭ്യമാണ്.

ഫെബ്രുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി 1279 തവണ ജില്ലയിലെ മദ്യഷാപ്പുകളില്‍ എക്സൈസ് സംഘം പരിശോധിച്ചു. വിവിധ സ്ഥലങ്ങളിലായി 2061 റെയിഡുകള്‍ നടത്തി. 291 അബ്കാരി കേസുകളും പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് 896 കേസുകളും  രജിസ്റ്റര്‍ ചെയ്തു. 86  ലിറ്റര്‍ ചാരായം, 791.930 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 468.595 ലിറ്റര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യം, 13 ലിറ്റര്‍ ബിയര്‍, 7275 ലിറ്റര്‍ വാഷ്, 20.700 ലിറ്റര്‍ അരിഷ്ടം, 19.991 കിലോ ഗ്രാം കഞ്ചാവ്, 18 ഗ്രാം ഹാഷിഷ് ഓയില്‍, 1.2 ഗ്രാം ഹെറോയിന്‍, 1 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവ പിടിച്ചെടുത്തു. 22 വാഹനങ്ങളും പിടിച്ചെടുത്തു. ട്രെയിന്‍ വഴി മദ്യക്കടത്തു വര്‍ധിക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ട്രെയിന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, എക്സൈസ്- പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date