Skip to main content

തൃശൂർ പൂരം വെടിക്കെട്ടിന് ശക്തമായ സുരക്ഷാ സന്നാഹം

തൃശൂർ പൂരം വെടിക്കെട്ടിന് കൂടുതൽ ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്താൻ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരുടെയും സംയുക്ത യോഗം തീരുമാനിച്ചു. സുരക്ഷാക്രമീകരണങ്ങൾ നല്ല നിലയിൽ ഏർപ്പെടുത്താനുള്ള ആസൂത്രണം യോഗത്തിൽ നടത്തി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൂരത്തിന് ബാഗുകളുമായി വരരുതെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു. നഗരത്തിൽ സി.സി.ടി.വി ക്യാമറകൾ കൂടുതലായി സ്ഥാപിക്കും. സുഗമമായി വെടിക്കെട്ട് കാണാനുള്ള എല്ലാ സൗകര്യവും ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മോക്ഡ്രിൽ നടത്തും. 

ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടർക്ക് നൽകാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് യോഗം നിർദേശം നൽകി. വെടിക്കെട്ട് നടത്തുന്ന വിദഗ്ധ തൊഴിലാളികളുടെ പൂർണമായ പേരുവിവരവും കളക്ടർക്ക് നൽകണം.

വെടിക്കെട്ട് സ്ഥലത്ത് നിയോഗിക്കപ്പെടുന്ന വളണ്ടിയർമാരും കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ തിളങ്ങുന്ന ജാക്കറ്റ് നിർബന്ധമായി ധരിച്ചിരിക്കണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് അധികൃതർ നിർദേശിച്ചു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴചയും ഉണ്ടാവില്ല. വളണ്ടിയർമാരുടെ പട്ടിക നേരത്തെ തന്നെ കളക്ടർക്ക് നൽകണം. ജാക്കറ്റും തിരിച്ചറിയൽ കാർഡുമില്ലാത്ത വളണ്ടിയർമാരെ വെടിക്കെട്ട് സ്ഥലത്തേക്ക് ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല. ഷെഡിൽത്തന്നെ കരിമരുന്ന് സൂക്ഷിക്കണമെന്ന് കർശന നിർദേശം നൽകി. 

പോലീസ് സുരക്ഷയുടെ ഭാഗമായി, ഇലഞ്ഞിത്തറ മേളത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നവരെ മെറ്റൽ ഡിറ്റക്റ്ററിലൂടെ മാത്രമേ കടത്തിവിടൂ. ഘടകപൂരങ്ങളുടെ ഭാഗമായി എത്തുന്നവർക്കും തിരിച്ചറിയൽ കാർഡുകൾ നൽകാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പൂരപ്പറമ്പിൽ സ്ഥാപിച്ച വാട്ടർ ഹൈഡ്രൻറുകൾ വാട്ടർ അതോറിറ്റിയും ഫയർഫോഴ്‌സും ചേർന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ കളക്ടർ ടി.വി. അനുപമ, സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര ജി.എച്ച്, കേരള എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ. ആർ വേണുഗോപാൽ, എ.ഡി.എം റെജി പി. ജോസഫ്, ആർ.ഡി.ഒ പി.എ വിഭൂഷൺ, ജില്ലാ ഫയർ ഓഫീസർ കെ.എം അഷ്‌റഫ് അലി, വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ സി.കെ സജി, തൃശൂർ തഹസിൽദാർ ജോർജ് ജോസഫ്, ഹസാർഡ് അനലിസ്റ്റ് അതുല്യ തോമസ്, തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പ്രൊഫ. പി. ചന്ദ്രശേഖരൻ, സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി, പാറേമക്കാവ് ദേവസ്വം പ്രസിഡൻറ് കെ. സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

date