പകര്‍ച്ചവ്യാധി പ്രതിരോധം : കുന്നമംഗലത്ത് യോഗം
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണത്തിന് കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. വാര്‍ഡുതല ശൂചീകരണ സമിതികളെ സജീവമാക്കി കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മാവൂര്‍, പെരുവയല്‍, ഒളവണ്ണ, ചാത്തമംഗലം, പെരുമണ്ണ, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളും പ്രത്യേകം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ശുചീകരണവും ബോധവല്കരണവും നടത്തും.
നീര്‍ച്ചാലുകള്‍, തോടുകള്‍ എന്നിവയിലെ മാലിന്യവും ഒഴുക്കിന് തടസ്സമാകുന്നവയും മാറ്റും. കുളങ്ങളും ജലാശയങ്ങളും ശുചീകരിക്കും. കുടുംബശ്രി, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ശുചീകരണത്തില്‍ പങ്കാളികളാകും. കൂടാതെ ശുചിത്വ ഹര്‍ത്താല്‍ നടത്തി വ്യാപാരികളുടെ സഹകരണത്തോടെ കടകളും അവയുടെ ചുറ്റുവട്ടങ്ങളും ശുചീകരിക്കും. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ദ്രം മിഷന് അസി. നോഡല്‍ ഓഫീസര്‍ ഡോ.അഖിലേഷ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍ സെക്രട്ടറിമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments